ക്വാറന്‍റൈനിലുള്ള യുവാവിനായി എത്തിച്ച ഭക്ഷണപൊതിയിൽ കഞ്ചാവ്
ഹൽവ നടുവെ മുറിച്ചശേഷം ഇതിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
പത്തനംതിട്ട: കൊവിഡ് കെയർ സെന്‍ററില്‍ ക്വാറന്‍റൈനിൽ കഴിയുന്ന യുവാവിന് എത്തിച്ചു നൽകിയ ഭക്ഷണ പൊതിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സെന്‍റിലെ വളണ്ടിയർമാരുടെ പരാതിയെ തുടർന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടൂർ ഹൈസ്ക്കൂൾ ജങ്ഷനിലുള്ള സൈലന്‍റ് വാലി കൊവിഡ് കെയർ സെന്‍ററിൽ ഇന്നലെയാണ് സംഭവം. ഹൈദരാബാദിൽ നിന്നെത്തി ഇവിടെ ക്വാറന്‍റൈനിൽ കഴിയുന്ന ആനയടി കൈതയ്ക്കൽ സ്വദേശിയായ യുവാവിനു വേണ്ടി സുഹൃത്ത് കൊണ്ടുവന്ന ഹൽവയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. ഹൽവ നടുവെ മുറിച്ചശേഷം ഇതിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ക്വാറന്‍റൈനിലുള്ള യുവാവിന്‍റെ ആനയടിയിലുള്ള സുഹൃത്താണ് പൊതി ക്വാറന്‍റൈൻ സെന്‍ററിന്‍റെ റിസപ്ഷനിൽ ഏൽപിച്ചത്.