കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
എന്നാല്‍, ഇദ്ദേഹത്തിനു കേരളത്തില്‍ ആരുമായും സമ്പര്‍ക്കമില്ലെന്നും രോഗം ബാധിച്ചതു കര്‍ണാടകയില്‍ നിന്നാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കാസര്‍കോട്: കര്‍ണാടക ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍കോട് വച്ച് മരണപ്പെട്ട സുള്ള്യയിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുര്‍റഹ്മാന്റെ പിസിആര്‍ പരിശോധനാ ഫലവും പോസിറ്റീവായി. എന്നാല്‍, ഇദ്ദേഹത്തിനു കേരളത്തില്‍ ആരുമായും സമ്പര്‍ക്കമില്ലെന്നും രോഗം ബാധിച്ചതു കര്‍ണാടകയില്‍ നിന്നാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തേ നടത്തിയ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് പിസിആര്‍ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ റഹ്മാന്‍ ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നു ടാക്‌സിയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോവാന്‍ നല്‍കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കിയിട്ടുണ്ട്.