ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ താരതമ്യേന കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 1,51,209 ആയി കുറഞ്ഞിട്ടുണ്ട്. ഇത് 252 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. സജീവ കേസുകള്‍ മൊത്തം കേസുകളുടെ ഒരുശതമാനത്തില്‍ താഴെയാണെന്നാണ് കണക്ക്. നിലവില്‍ ചികില്‍സയിലുള്ളത് 0.44 ശതമാനം പേരാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,159 പേരുടെ രോഗം ഭേദമായി. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3,36,97,740 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് നിലവില്‍ 98.22 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 30 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. ഇത് കഴിഞ്ഞ 40 ദിവസമായി 2 ശതമാനത്തില്‍ താഴെയാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 61.12 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ഇപ്പോള്‍ നടക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി 107.29 കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.