രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 1.4 ലക്ഷം പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ മാത്രം 17,335
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.4 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പോസിറ്റീവായത്. കൊവിഡിന് പിന്നാലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഇതുവരെ 3,007 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതില്‍ 1,199 പേര്‍ സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ 4,72,163 സജീവ കേസുകളാണുള്ളത്. ഇതില്‍ 1,00,806 കേസുകള്‍ 24 മണിക്കൂറിനിടെയുള്ളതാണ്. കഴിഞ്ഞ ദിവസം മാത്രം 40,895 പേരുടെ രോഗം ഭേദമായി.
ആകെ രോഗമുക്തരായവരുടെ എണ്ണം 3,44,12,740 ആണ്. ആകെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 4,83,463 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 285 മരണങ്ങള്‍ ഒറ്റദിവസം സംഭവിച്ചതാണ്. ഡല്‍ഹിയിലാണ് കൊവിഡ് വ്യാപനമേറുന്നത്. 24 മണിക്കൂറിനുള്ളില്‍ 17,335 പുതിയ കേസുകള്‍ കണ്ടെത്തിയതിന് ശേഷം ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വെള്ളിയാഴ്ച 15 ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ രാജ്യതലസ്ഥാനത്ത് ഒമ്പത് പേര്‍ മരിച്ചു. ഡല്‍ഹിയുടെ പോസിറ്റിവിറ്റി നിരക്ക് 17.73 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 97,762 ടെസ്റ്റുകള്‍ നടത്തി.
ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യമാണ് കൊവിഡിന്റെ കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്താല്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഇന്നലെ പറഞ്ഞു. വ്യാഴാഴ്ച ഡല്‍ഹിയില്‍ 15,097 വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. മെയ് 8 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളായിരുന്നു ഇത്. ഡല്‍ഹിയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വരും. രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം.
സംസ്ഥാനങ്ങളിലെ ചികില്‍സാ സൗകര്യവും, ഓക്‌സിജന്‍ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നു. ഡല്‍ഹിയിലും ബംഗാളിലും സമാനമായ സ്ഥിതിയാണുള്ളത്. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8,449 പുതിയ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലും കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുംബൈ 20,000 പുതിയ കൊവിഡ് കേസുകള്‍ കടന്നതിനാല്‍ മുംബൈയിലെ ലോക്ക് ഡൗണ്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കും. അതേസമയം, രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പുറത്തിറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും ഇന്ന് നിലവില്‍ വരും. തിങ്കളാഴ്ച മുതലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.