അഞ്ചാം ദിവസവും മൂന്നുലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 20.75 ശതമാനം

Update: 2022-01-24 04:08 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ അഞ്ചാം ദിവസവും മൂന്നുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.06 ലക്ഷം കേസുകള്‍ കൂടി രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ട് ശതമാനം കുറവാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയ്ക്കുശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.95 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം വൈറസ് കേസുകളുടെ 5.69 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം ദേശീയ തലത്തിലെ കൊവിഡ് രോഗമുക്തി നിരക്ക് 93.07 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78% ല്‍ നിന്ന് 20.75% ആയി ഉയര്‍ന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.03 ശതമാനമാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ 162.26 കോടി ഡോസ് കവിഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 72 ശതമാനമെങ്കിലും പൂര്‍ണമായി വാക്‌സിനേഷനെടുത്തവരാണ്, അതേസമയം, 15-18 വയസ് പ്രായമുള്ള കുട്ടികളില്‍ 52 ശതമാനവും കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് കുത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരിയുടെ നിലവിലെ തരംഗത്തില്‍ മരണമടഞ്ഞ 60 ശതമാനം രോഗികളും ഭാഗികമായോ പൂര്‍ണമായോ വാക്‌സിനേഷനെടുക്കാത്തവരാണ്. മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ പുതുതായി 40,805 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 75,07,225 ആയി. 44 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മൊത്തം മരണങ്ങളുടെ എണ്ണം 1,42,115 ആയിട്ടുണ്ട്. മുംബൈയില്‍ മാത്രം 2,550 പുതിയ വൈറസ് കേസുകളും 13 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

പ്രീ പ്രൈമറി, 1- 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കായി മുംബൈ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. കുട്ടികള്‍ ഹാജരാവുന്നതിന് മാതാപിതാക്കളുടെ സമ്മതം പ്രധാനമാണെന്ന് മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കൊവിഡ് സാഹചര്യം വിലയിരുത്താനും സ്‌കൂളുകള്‍ സുരക്ഷിതമായി തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ 9,197 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെയുണ്ടായത്. ഇത് ഇന്നലത്തെ എണ്ണത്തേക്കാള്‍ 19 ശതമാനം കുറവാണ് (11,486). പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനം. ഒരു ദിവസം മുമ്പ് ഇത് 16.3 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 കൊവിഡ് മരണങ്ങളും ദേശീയ തലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ജനുവരി 13 ന് 28,867 എന്ന റെക്കോര്‍ഡ് വര്‍ധനയ്ക്കുശേഷം ഡല്‍ഹിയില്‍ പ്രതിദിന കേസുകളുടെ എണ്ണം കുറയുകയാണ്. കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,210 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

നിലവില്‍ സംസ്ഥാനത്ത് 3.57 ലക്ഷം സജീവ കേസുകളുണ്ട്. തമിഴ്‌നാട്ടിലെ പ്രതിദിന കൊവിഡ് കേസുകള്‍ 30,580 ആണ്. 2019 ഡിസംബറില്‍ ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുറഞ്ഞത് 5,572,224 പേരുടെ ജീവന്‍ നഷ്ടമായതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ 860,248, ബ്രസീലില്‍ 622,205, ഇന്ത്യയില്‍ 488,884, റഷ്യ 324,752 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയ രാജ്യങ്ങള്‍.

Tags:    

Similar News