കൊവിഡ് വ്യാപനം: പൊന്നാനിയില്‍ നിരോധനാജ്ഞ
നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അത് പിന്‍വലിച്ചത്.
മലപ്പുറം: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ.
പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫിസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പൊന്നാനിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിനായി ജില്ലാ പോലിസ് മേധാവിക്കും ഇന്‍സിഡന്റ് കമാന്‍ഡര്‍ ആയ പൊന്നാനി തഹസില്‍ദാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ മാത്രം 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതില്‍ 21 പേര്‍ പൊന്നാനിയിലാണ്. ജില്ലയില്‍ 55 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 431 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ഈ അടിയന്തിര സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
* പൊന്നാനി താലൂക്ക് പരിധിയില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
* മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ നിരോധിച്ചു.
പൊന്നാനി നഗരസഭാ പരിധിയില്‍ മത്സ്യ മാംസാദികളുടെ വിപണനം പാടില്ല.
* 10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികില്‍സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുത്.
* മാസ്‌കുകള്‍ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കാവൂ.
* പൊന്നാനി താലൂക്കില്‍ നാലുചക്ര സ്വകാര്യ/ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ. യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം.
* സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാംപുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, വിനോദയാത്രകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചു. ഓണ്‍ലൈന്‍ പഠന മാര്‍ഗങ്ങള്‍ അനുവദിക്കും.
* ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലെ ആരാധനകള്‍, ആഘോഷങ്ങള്‍, അന്നദാനങ്ങള്‍ എന്നിവ നിരോധിച്ചു.
* വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ ശാരീരിക അകലം പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.
* പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു. ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പോലിസ് പിഴ ഈടാക്കും.
* ആശുപത്രികളില്‍ രോഗിക്ക് കൂട്ടിരിപ്പിനായി ഒന്നിലധികം പേര്‍ ഉണ്ടാകരുത്.
* വ്യാപാര സ്ഥാപനങ്ങളില്‍ യാതൊരു കാരണവശാലും ശീതീകരണ സംവിധാനം (എയര്‍ കണ്ടീഷണര്‍) ഉപയോഗിക്കാന്‍ പാടില്ല.
* പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നിരോധിച്ചു.
* ടൂറിസം കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു.
* ജങ്കാര്‍ സര്‍വീസ്, ഫിഷിങ് ഹാര്‍ബര്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു.
*വ്യാപാര സ്ഥാപനങ്ങളുടെ കവാടത്തില്‍ ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും സജ്ജീകരിക്കണം.
* കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
* സ്ഥാപനങ്ങളുടെ പുറത്ത് ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങള്‍ (45 സെന്റിമീറ്റര്‍ ഡയമീറ്റര്‍ സര്‍ക്കിള്‍) നിര്‍ബന്ധമായും രേഖപ്പെടുത്തണം.