കൊവിഡ് മഹാമാരി: മരണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു; രോഗബാധിതര്‍ 20 ലക്ഷത്തിലേക്ക്
ലോകത്ത് എറ്റവും കൂടുതല്‍ കൊവിഡ് മരണമുണ്ടായിട്ടുള്ളത് അമേരിക്കയിലാണ്-25,989
വാഷിങ്ടണ്‍: ലോകവ്യാപകമായി മരണം വിതയ്ക്കുന്ന കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം ഇതുവരെ 1,26,537 പേരാണ് മരണത്തിനു കീഴടങ്ങിയത്. 1,973,715 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തോടടുക്കുകയാണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തതും കഴിഞ്ഞ ദിവസമാണ്-6,919. ലോകത്ത് എറ്റവും കൂടുതല്‍ കൊവിഡ് മരണമുണ്ടായിട്ടുള്ളത് അമേരിക്കയിലാണ്-25,989. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു-6,05,193. ഒറ്റ ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,349 ആണ്. ആദ്യഘട്ടത്തില്‍ കൂട്ടമരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇതുവരെ 21,067 പേര്‍ മഹാമാരിക്കു മുന്നില്‍ കീഴടങ്ങി.
സ്‌പെയ്‌നാണ് മരണനിരക്കില്‍ മൂന്നാമതുള്ളത്-18,000. എന്നാല്‍ കഴിഞ്ഞ ദിവസം അല്‍പ്പം ആശ്വാസമുണ്ട്. 500ല്‍ കുറവ് പേരാണ് മരണപ്പെട്ടത്. ഫ്രാന്‍സില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച മാത്രം ആറായിരത്തോളം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,43,303 രോഗബാധിതരില്‍ മരണം 15,729 ആണ്. ബ്രിട്ടനിലും മരണം 12,000 പിന്നിട്ടു.
എന്നാല്‍, ജര്‍മനിയില്‍ മരണനിരക്ക് കുറഞ്ഞു. 310 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 3,495 ആയി. 1,32000ത്തോളം പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്. വൈറസ് വ്യാപിച്ചതെന്നു കരുതുന്ന ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പുതിയ കണക്കുകളും നല്‍കുന്ന സൂചന. 24 മണിക്കൂറിനിടെ ഒരു മരണം മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. 82,295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ചൈനയില്‍ 1,137 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇറാനില്‍ 4,683 പേരും ബെല്‍ജിയത്തില്‍ 4,157 പേരും നെതര്‍ലന്റില്‍ 2,945 പേരും തുര്‍ക്കിയില്‍ 1,403 പേരും മരണത്തിനു കീഴടങ്ങി. ഇന്ത്യയില്‍ മരണസംഖം 393 ആണ്.