യുപി ആശുപത്രിയില്‍നിന്ന് 'രക്ഷപ്പെട്ട' കൊവിഡ് രോഗി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് 500 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍
ആശുപത്രി അധികൃതരില്‍നിന്നുണ്ടായ ഉപദ്രവം മൂലമാണ് അദ്ദേഹം 'രക്ഷപ്പെട്ടതെന്നും' അധികൃതരുടെ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും മരിച്ച രോഗിയുടെ കുടുംബം ആരോപിച്ചു.
ലക്‌നോ: ഉത്തര്‍ പ്രദേശ് ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട 57കാരനായ കൊവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇദ്ദേഹം ആശുപത്രിയില്‍നിന്നു പുറത്തേക്കു പോവുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ആശുപത്രി അധികൃതരില്‍നിന്നുണ്ടായ ഉപദ്രവം മൂലമാണ് അദ്ദേഹം 'രക്ഷപ്പെട്ടതെന്നും' അധികൃതരുടെ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും മരിച്ച രോഗിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് 57കാരനായ രോഗിയെ രോഗലക്ഷണങ്ങളുള്ള കൊറോണ വൈറസ് രോഗികള്‍ക്കായുള്ള ലെവല്‍ 3 സൗകര്യമുള്ള പ്രയാഗ് രാജിലെ സ്വരൂപ്‌റാണ് നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ നിന്ന് 'രക്ഷപ്പെടുന്നതിന്' മണിക്കൂറുകള്‍ക്ക് മുമ്പ് ശനിയാഴ്ച രാവിലെ രോഗി തന്നെ വിളിച്ചതായും ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതായും രോഗിയുടെ ബന്ധു വ്യക്തമാക്കി. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുണ്ട്. തന്റെ പരാതി ചെവി കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
'രാത്രി മുഴുവന്‍ തന്റെ വായ വരണ്ടിരുന്നു. തനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. സഹായത്തിനായി ചിലരോട് അഭ്യര്‍ഥിച്ചു, പക്ഷെ ആരും ഗൗനിച്ചില്ലെന്നും ഓഡിയോ ക്ലിപ്പില്‍ രോഗി കുറ്റപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തോട് സാമ്യമുള്ള ഒരാള്‍ ശനിയാഴ്ച വൈകീട്ട് 4.30ന് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിന്റെ കവാടത്തിലൂടെ പുറത്തേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെ ഒരു സംഘം അതേ ഗേറ്റില്‍നിന്നു പുറത്തേക്കു പോവുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ ആശുപത്രി ജീവനക്കാരാണെന്നും രോഗിയെ പിന്തുടരുകയായിരുന്നു അവരെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
'ഈ രോഗിക്ക് പനിയും ശ്വസന പ്രശ്‌നവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയായിരുന്നു. പക്ഷേ അയാള്‍ പെട്ടെന്ന് കടന്നുകളഞ്ഞു.ഡോക്ടര്‍മാര്‍ അവനെ തടയാന്‍ ശ്രമിച്ചു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനുമുമ്പ് രോഗി പോയി. തങ്ങള്‍ ഉടന്‍ പോലിസിനെ അറിയിച്ചെന്നും എസ്ആര്‍എന്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. എസ് പി സിങ് പറഞ്ഞു.
തന്റെ പിതാവ് മരിച്ചു. ഇതു മുഴുവന്‍ സംഭവിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ്. രോഗികള്‍ അവിടെ പീഡനത്തിനിരയാവുന്നു. അവിടെ പണം നല്‍കുന്നതുവരെ ആരും ഭക്ഷണം നല്‍കുന്നില്ലെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.