ഇന്ത്യയിലെ കൊവിഡ് വാക്‌സിന്‍: ഈ മാസം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍
. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആഴ്ചകള്‍ക്കകം തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡല്‍ഹി: ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കൊവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആഴ്ചകള്‍ക്കകം തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ച് ഭാരതി ബയോടെക് വികസിപ്പിക്കുന്ന കൊവാക്‌സിന്റെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഈ മാസത്തിന്റെ അവസാനമോ, അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അടിയന്തര അനുമതി സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 70000, 80000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ആരിലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ കാണാതിരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കൊവിഡ് കേസുകള്‍ രാജ്യത്ത് കുറയുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ ഈ അനുകൂല സാഹചര്യം വരും നാളുകളിലും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. അടുത്ത മൂന്ന് മാസം കൂടി ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കോള്‍ഡ് ചെയിന്‍, സ്‌റ്റോറേജ് ഹൗസ്, തുടങ്ങി വാക്‌സിന്‍ വിതരണത്തിലെ വിവിധ ഘട്ടങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനുള്ള ആസൂത്രണമാണ് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. തുടക്കത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കില്ലെന്നും മുന്‍ഗണനാടിസ്ഥാനത്തിലാവും വാക്‌സിന്‍ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.