ആര്‍എസ്എസ് രാജ്യത്തിനു തന്നെ ഭീഷണി; കോൺ​ഗ്രസുമായി സഹകരിക്കണം: ഡി രാജ

ബിജെപിയ്ക്കെതിരേ ഇടതുപക്ഷ, പാര്‍ട്ടികളും മതേതര പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-04-06 12:48 GMT

കണ്ണൂർ: ആര്‍എസ്എസ് രാജ്യത്തിനു തന്നെ ഭീഷണിയാണെന്നും ബിജെപിയുടെ സാമ്പത്തിക നയം ഇന്ത്യയെ തകര്‍ത്തന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സിപിഎം പാര്‍ട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇടതുപക്ഷത്തിനു മാത്രമേ ആര്‍എസ്എസിനെ പരാജയപ്പെടുത്താൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയ്ക്കെതിരേ ഇടതുപക്ഷ, പാര്‍ട്ടികളും മതേതര പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ രാഷ്ട്രീയമായും ആശയപരമായും പരാജയപ്പെടുത്തണമെന്നും ഡി രാജ വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കുന്നതിൽ പ്രായോഗിക സമീപനം വേണമെന്നും ഡി രാജ ആവശ്യപ്പെട്ടു.

ബിജെപിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസുമായി ഒരുമിച്ചു മുന്നോട്ടു പോകാമെന്നാണ് സിപിഐയുടെ നിലപാട്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ അഭിരമിക്കാതെ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും ഡി രാജ ആവശ്യപ്പെട്ടു. പ്രാദേശിക മതേതര പാര്‍ട്ടികള്‍ സഹകരിച്ചു മുന്നോട്ടു പോകണമെന്നും എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് വിശാല മതേതര മുന്നണി ശക്തിപ്പെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തി ബിജെപിയ്ക്കെതിരായ തന്ത്രങ്ങൾക്ക് രൂപം നൽകണമെന്നാണ് സിപിഎം ദേശീയ നേതാക്കളുടെ നിലപാട്. ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളിൽ അതതു സിപിഎം ഘടകങ്ങള്‍ ഭരണത്തിലുള്ള മറ്റു പ്രാദേശിക കക്ഷികളെ മുഖ്യ എതിരാളികളായി കാണുന്നതിലും സിപിഎം സ്വയം വിമര്‍ശനം രേഖപ്പെടുത്തിയിട്ടുണ്ട്.

Similar News