പോപുലര്‍ ഫ്രണ്ട് നിരോധനത്തെ അപലപിച്ച് സിപിഐ (മാവോയിസ്റ്റ്)
വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും 2024 ലെ പൊതുതെരഞ്ഞെടുപ്പിലും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫാസിസ്റ്റ് ബിജെപിയുടെ രൂപകല്‍പ്പനയാണ് പോപുലര്‍ഫ്രണ്ട് നിരോധനമെന്ന് സിപിഐ (മാവോയിസ്റ്റ്) വക്താവ് കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രഭരണകൂടത്തിന്റെ പോപുലര്‍ ഫ്രണ്ട് നിരോധനത്തെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്). വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും 2024 ലെ പൊതുതെരഞ്ഞെടുപ്പിലും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫാസിസ്റ്റ് ബിജെപിയുടെ രൂപകല്‍പ്പനയാണ് പോപുലര്‍ഫ്രണ്ട് നിരോധനമെന്ന് സിപിഐ (മാവോയിസ്റ്റ്) വക്താവ് കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടിയെ അപലപിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ എട്ട് അനുബന്ധ സംഘടനകള്‍ക്കുമെതിരേയുള്ള നിരോധനം ക്രൂരവും ജനാധിപത്യ വിരുദ്ധവുമാണ്. നിരോധനത്തിലൂടെ ബ്രാഹ്മണ ഹിന്ദുത്വ ബിജെപി മുസ്‌ലിം സമുദായത്തെ ക്രിമിനല്‍ വല്‍ക്കരിച്ചിരിക്കുകയാണെന്ന് സിപിഐ (മാവോയിസ്റ്റ്) വക്താക്കളായ അഭയ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സെപ്തംബര്‍ 25 മുതല്‍ 29 വരെയുള്ള നാല് ദിവസത്തെ ഇടവേളയില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ തിരച്ചിലില്‍ 250ലധികം പോപുലര്‍ഫ്രണ്ടുകാരെ കസ്റ്റഡിയിലെടുക്കുകയും 100ലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. റെയ്ഡുകള്‍ അറസ്റ്റിലായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വളരെയധികം വേദനയും അസ്വസ്ഥതയും സൃഷ്ടിച്ചിട്ടുണ്ട്.
മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനയെ സര്‍ക്കാര്‍ നിരോധിച്ചത്. പോപുലര്‍ഫ്രണ്ടും അതിന്റെ എട്ട് അനുബന്ധ സംഘടനകളും 'അക്രമ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍' ഏര്‍പ്പെട്ടു എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, പോപുലര്‍ഫ്രണ്ട് ഒരു ഭീകര ഭരണം സ്ഥാപിക്കുകയും രാജ്യത്തിന്റെ 'സമാധാനം' തകര്‍ക്കുകയും ചെയ്യുന്നു എന്നതാണ്. മൂന്നാമത്തേത്, പിഎഫ്‌ഐ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നതാണ്. ഈ വാദങ്ങളെല്ലാം ബ്രാഹ്മണ ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്ന ശക്തികളെ തകര്‍ക്കാനും നശിപ്പിക്കാനുമാണ്-സിപിഐ (മാവോയിസ്റ്റ്) വക്താവ് പറഞ്ഞു.