'കാനം പിണറായിയുടെ അടിമ, വീണാ ജോര്‍ജ് ശൈലജയുടെ കാലത്തെ നല്ല പേരും ഇല്ലാതാക്കി'; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
പത്തനംതിട്ട: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. കുറച്ചുകാലമായി കാനത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അമര്‍ഷമാണ് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പൊട്ടിത്തെറിയിലെത്തിയത്. 'കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെ പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ അംഗങ്ങള്‍ തുറന്നടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന തെറ്റുകള്‍ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നത്.
തെറ്റായ വിഷയങ്ങളില്‍ എതിര്‍ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സെക്രട്ടറി തയ്യാറാവുന്നില്ല. തെറ്റാണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണ്. മുന്‍ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ പോലിസ് തല്ലിയപ്പോള്‍ കാനം ന്യായീകരിച്ചത് ഞെട്ടിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും അംഗങ്ങള്‍ ചോദിച്ചു. അടൂരില്‍ ചിറ്റയം ഗോപകുമാറിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മിലെ ഒരുവിഭാഗം ശ്രമിച്ചു. പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാര്‍ഥികള്‍ ജയിക്കരുതെന്നാണ് സിപിഎം വിചാരിച്ചത്.
പന്തളം നഗരസഭയില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ നിസാര വോട്ടിന് തോറ്റത് കാലുവാരലിലാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തിലുയര്‍ന്നത്. ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ലപേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടതുസര്‍ക്കാരില്‍ വീണാ ജോര്‍ജ് ഇല്ലാതാക്കി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള പ്രശ്‌നം മുന്നണിക്ക് തന്നെ നാണക്കേടുണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയര്‍ന്ന വിമര്‍ശനം ജില്ലാ സമ്മേളനത്തിലും സിപിഐ ആവര്‍ത്തിച്ചു. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണ്. ഔദ്യോഗിക നമ്പരില്‍ വിളിച്ചാലും എടുക്കില്ല. പത്ത് മണ്ഡലം കമ്മിറ്റികളില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്. ഇന്ന് രാവിലെ അവതരിപ്പിച്ച സംഘടനാ റിപോര്‍ട്ടിലും സിപിഎം നേതാക്കള്‍ക്കെതിരേ പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരേയും സിപിഎം മന്ത്രിക്കെതിരേയും അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വരുംദിവസങ്ങളില്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യതയുമുണ്ട്.