സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും; സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും

Update: 2022-04-06 01:48 GMT

കണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തിയത്.

പതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും മുസ്‌ലിംഗിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്ന് മാത്രമാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത്. പാര്‍ലമെന്റിലും കേരളത്തിനായി ശബ്ദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടില്‍ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോണ്‍ഗ്രസിന്റെ സമീപനമെന്നും നാള്‍ക്കുനാള്‍ കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Tags:    

Similar News