മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശം; പ്രതിഭ എംഎല്‍എയെ ചൊടിപ്പിച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര്
എംഎല്‍എയുടെ പ്രസ്താവന അനുചിതമായെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എ ഉപയോഗിച്ച പദപ്രയോഗങ്ങളള്‍ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
കായംകുളം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ സിപിഎം എംഎല്‍എയെ ചൊടിപ്പിച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര്. വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എക്കെതിരേ പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.
എംഎല്‍എയുടെ പ്രസ്താവന അനുചിതമായെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എ ഉപയോഗിച്ച പദപ്രയോഗങ്ങളള്‍ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയും യുവജന വിഭാഗവും എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. കായംകുളത്തു എംഎല്‍എയും യുവജന വിഭാഗവും തമ്മിലെ പുതിയ തര്‍ക്കങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയവും കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കായംകുളം നഗരസഭാ ചെയര്‍മാനും എംഎല്‍എയും തമ്മിലെ പോര് രൂക്ഷമായിരുന്നു. എംഎല്‍എക്കെതിരായ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഫേസ്ബുക് പോസ്റ്റില്‍ നഗരസഭാ ചെയര്‍മാനെ പ്രത്യേകം പുകഴ്ത്തുന്നുമുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിയോജക മണ്ഡലത്തിന് പുറത്തുള്ള വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ച എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐയിലെ ഒരുവിഭാഗം നേതാക്കള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അതേ ഭാഷയില്‍ എംഎല്‍എയും തിരിച്ചടിച്ചു. വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയും ഇടപെട്ടു. പാര്‍ട്ടി എംഎല്‍എയും ഡിവൈഎഫ്‌ഐയും തമ്മിലെ തര്‍ക്കം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.
'എംഎല്‍എ വീട്ടില്‍ ഇരുന്നോ, പക്ഷെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ച് ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കണം. സോഷ്യല്‍ മീഡിയയിലൂടെ സഹായമെത്തിക്കുന്നതിനു പരിമിതികള്‍ ഉണ്ട്. മെഡിക്കല്‍ സ്‌റ്റോറുകളുടെ പേരുകള്‍ എം എല്‍എ പറഞ്ഞുകൊടുക്കാതെതന്നെ കായംകുളം നിവാസികള്‍ക്ക് അറിയാം. സൗജന്യമായി മരുന്ന് എത്തിച്ചു കൊടുക്കുകൊടുക്കുന്നിടത്താണ് ജനപ്രതിനിധിയുടെ വിജയം'... ഇതായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വിമര്‍ശനം. നഗരസഭാ ചെയര്‍മാന്റെ ഓഫിസ് തുറന്നു കിടക്കുന്നതു കൊണ്ടാണ് കായംകുളത്തെ ജനങ്ങള്‍ക്കു സഹായ മെത്തിക്കാന്‍ കഴിയുന്നതെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എ ഓഫിസ് അടഞ്ഞു കിടക്കുന്നതും നഗരസഭാ ചെയര്‍മാന്റെ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുന്നതും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എംഎല്‍എയെ ഇകഴ്ത്തിയും ചെയര്‍മാനെ പുകഴ്ത്തിയുമാണ് ഫേസ്ബുക് പോസ്റ്റ്.
ഇതിനു മറുപടിയുമായി സോഷ്യല്‍ മീഡിയയിലൂടെ എംഎല്‍എയും രംഗത്ത് എത്തിയിരുന്നു. 'വൈറസുകളെക്കാള്‍ കൊടിയ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ തനിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചില കൊടിയ വിഷമുള്ള ഇനം മനുഷ്യര്‍ ലോക്ക് ഡൗണ്‍ കാലഘട്ടത്തെ നമ്മളുടെ ഒക്കെ ജോലിയെ വിമര്‍ശിക്കുന്നു എന്നും വിഷം ചീറ്റുന്നു എന്നും അറിഞ്ഞു. ആ വിഷ സര്‍പ്പങ്ങള്‍ കൊടിയ വിഷം ചീറ്റട്ടെ..നമ്മള്‍ തിരക്കിലാണ്. വീട്ടിലിരുന്ന് നാട്ടിലെ ജോലി ചെയ്യുന്ന തിരക്കില്‍. മുഖ്യമന്ത്രി പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സദാ ജാഗരൂകരായി...ലോക്ക് ഡൗണ്‍ കഴിയട്ടെ. വാവ സുരേഷിനെ വിളിക്കണം. ചില വിഷ സര്‍പ്പങ്ങളെ മാളത്തില്‍ നിന്നും ഇറക്കാന്‍ ..' ഇതായിരുന്നു പ്രതിഭ എംഎല്‍എയുടെ മറുപടി.