ശിവജി ജയന്തി ആഘോഷിച്ച് ഡിവൈഎഫ് ഐ; സവര്‍ക്കറെയും ഏറ്റെടുക്കുമെന്ന് സോഷ്യല്‍മീഡിയ

Update: 2021-02-21 11:59 GMT

മുംബൈ: ഹിന്ദുത്വനയങ്ങള്‍ നടപ്പാക്കിയ ഛത്രപതി ശിവജിയുടെ ജന്‍മദിനം ആഘോഷിച്ച ഡിവൈഎഫ് ഐ നടപടി വിവാദമാവുന്നു. സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്‌ഐയുടെ മഹാരാഷ്ട്ര സ്‌റ്റേറ്റ് യൂനിറ്റ് കമ്മിറ്റിയാണ് ശിവജി മഹാരാജിന്റെ ജയന്തി ആഘോഷം നടത്തിയത്. ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പരിപാടിയുടെ ഫോട്ടോകള്‍ പങ്കുവച്ചതോടെയാണ് വിവാദമായത്. ശിവജി ജയന്തി ആഘോഷഭാഗമായി കുട്ടികള്‍ക്ക് ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുകയും ഭഗത് സിങിന്റെയും ശിവജിയുടെയും ചിത്രങ്ങളില്‍ ഹാരമണിയിച്ചുള്ള ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ അനുഭാവികള്‍ ഇതിനെതിരേ രംഗത്തെത്തിയപ്പോള്‍, ശിവജിയെ കുറിച്ച് കേരള സഖാക്കള്‍ ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും കേരള സഖാക്കളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നുമായിരുന്നു ഒഔദ്യോഗിക മറുപടി. ചിലരാവട്ടെ സമീപഭാവിയില്‍ തന്നെ വി ഡി സവര്‍ക്കറെയും ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇടതുയുവജന പ്രസ്ഥാനത്തിന്റെ നയവ്യതിയാനം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്‍ പ്രാധാന്യത്തോടെയാണ് നല്‍കിയത്.

   

#DYFI observes ShivJayanti in Jogeshwari. Organised painting competition for children.

Posted by DYFI Maharashtra on Friday, 19 February 2021

അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം ശക്തമായതോടെ സംഭവത്തെ ശക്തമായി ന്യായീകരിച്ച ഡിവൈഎഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഡിവൈഎഫ് ഐയുടെ ശിവജി ജയന്തി ആഘോഷം തീവ്ര വലതുപക്ഷക്കാരെ അസ്വസ്ഥരാക്കിയെന്നും ശിവജിയുടെ ആക്രമണങ്ങള്‍ക്ക് മതവുമായി ബന്ധമില്ലെന്നുമായിരുന്നു വിശദീകരണം. മുസ് ലിംകളോട് പോരാടിയ ഹിന്ദു രാജാവായിട്ടാണ് ശിവജിയെ വലതുപക്ഷക്കാര്‍ ചിത്രീകരിക്കുന്നത്. ബ്രാഹ്മണ യാഥാസ്ഥിതികരും സവര്‍ക്കറെപ്പോലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞരും ശിവജിയെ കൂട്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. മുഗളരുമായും മറ്റ് രാജ്യങ്ങളുമായും ശിവജിയുടെ പോരാട്ടങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. അതിനു മതവുമായി യാതൊരു ബന്ധവുമില്ല. തന്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തില്‍ അദ്ദേഹം ഹിന്ദു-മുസ് ലിം ഐക്യം ഉണ്ടാക്കിയിരുന്നു.

    ശിവജിയുടെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാര്‍ത്ഥ പ്രാധാന്യം ബ്രാഹ്മണ മേധാവിത്വത്തിനെതിരായ പോരാട്ടവും അടിച്ചമര്‍ത്തപ്പെട്ട കര്‍ഷകരുടെ ഉന്നമനവുമാണ്. ശിവജിയുടെ തെറ്റായ ഹിന്ദുത്വ വിവരണവും ജാതി അടിച്ചമര്‍ത്തലിനും മതപരമായ ഭിന്നതയ്ക്കുമെതിരായ സമത്വ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്നതും തമ്മില്‍ പ്രത്യയശാസ്ത്രപരമായ സംഘട്ടനമുണ്ട്. ഹിന്ദുത്വ ജേതാവായി ശിവജിയെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയായിരുന്നു സഖാവ് ഗോവിന്ദ് പന്‍സാരെ. 'ഹു വാസ് ശിവജി' എന്ന അദ്ദേഹത്തിന്റെ ലഘുലേഖ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിച്ചു. ശിവജി ജയന്തി ആഘോഷിച്ചതിന് അതേ തീവ്ര വലതുപക്ഷവാദികള്‍ ഡിവൈഎഫ്‌ഐയെ ആക്രമിക്കുന്നത് അതിശയിപ്പിക്കുന്നില്ല. ശിവജിയുടെ യഥാര്‍ത്ഥ ചരിത്രം പ്രചരിപ്പിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടുള്ളത്. ജ്യോതിറാവു ഫൂലെ മുതല്‍ സഖാവ് പന്‍സാരെ വരെയുള്ള ചിന്തകരുടെ ഒരു നീണ്ട പട്ടികയുടെ ചുവടുപിടിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായും പ്രീതി ശേഖര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

CPIM youth-wing DYFI celebrates Shivaji Jayanti

Tags:    

Similar News