ആന്തൂരിൽ യുവാവിനും മാതാവിനും നേരെ സിപിഎം ആക്രമണം; രക്ഷകരായത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് യുവാവ് (വീഡിയോ)
എസ്ഡിപിഐ പ്രവര്‍ത്തകര്‍ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഗ്രാമത്തില്‍ വച്ച് സിപിഎമ്മുകാര്‍ തന്നെ കൊന്ന് കളയുമായിരുന്നെന്നും മുര്‍ഷിദ് പറഞ്ഞു.
കണ്ണൂര്‍: പ്രവാസിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത ആന്തൂരില്‍ വീണ്ടും സിപിഎമ്മിന്റെ അതിക്രമം. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാനെത്തിയ യുവാവിനേയും മാതാവിനേയുമാണ് സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
ആന്തൂര്‍ ബക്കളം റഷീദാ മന്‍സിലില്‍ മുഹമ്മദിന്റെ മകന്‍ മുര്‍ഷിദ്(29), മാതാവ് റഷീദ(45) എന്നിവര്‍ക്കെതിരായാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കൈക്കോട്ട് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ മുര്‍ഷിദിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തടയാനെത്തിയ മാതാവിന് നേരെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. പരിക്കേറ്റ ഇരവരേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ എത്തിയാണ് രക്ഷിച്ചത്.
ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ഉമ്മയുടേയും ഉമ്മയുടെ സഹോദരിയുടേയും പേരില്‍ ബക്കളം മൈലാടുള്ള ഭൂമിയില്‍ വാഴ നടാന്‍ എത്തിയതായിരുന്നു മുര്‍ഷിദും മാതാവ് റഷീദയും. വാഴ നടുന്നതിനിടെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ വാഴ കൃഷി അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് മുര്‍ഷിദ് പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെ മുര്‍ഷിദിനെ ആക്രമിക്കാനെത്തുന്നത് വീഡിയോയില്‍ കാണാം. കൃഷി ഭൂമി നികത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മുര്‍ഷിദ് പറഞ്ഞു. തങ്ങളുടെ ഭൂമി കരഭൂമിയാണെന്ന് രേഖയുണ്ടെന്നും ഭൂമി നികത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മുര്‍ഷിദ് പറഞ്ഞു. ഭൂമി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വില്ലേജ് അധികൃതരേയും പോലിസിനേയും സമീപിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെ തന്നേയും മാതാവിനേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഗ്രാമത്തില്‍ വച്ച് സിപിഎമ്മുകാര്‍ തന്നെ കൊന്ന് കളയുമായിരുന്നെന്നും മുര്‍ഷിദ് പറഞ്ഞു.
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മുഖത്തും വായിലും പരിക്കേറ്റ മുര്‍ഷിദും മാതാവും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മുര്‍ഷിദ് പറഞ്ഞു.
ആന്തൂരില്‍ പ്രവാസിയായ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് സിപിഎം ഭരിക്കുന്ന ആന്തൂര്‍ മുന്‍സിപ്പാലിറ്റി അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സാജന്‍ ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേ പ്രദേശത്താണ് കൃഷി ചെയ്യാനെത്തിയ യുവാവിനും മാതാവിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം.