സിപിഎം-ബിജെപി ധാരണ;നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍
ബിജെപി നേതൃത്വത്തിനെതിരേയുള്ള കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം
കാസര്‍കോട്: ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍.ബിജെപി നേതൃത്വത്തിനെതിരേയുള്ള കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
കഴിഞ്ഞ ഫെബ്രുവരി 19നും സമാനമായ ഉപരോധം ഇവിടെ നടന്നിരുന്നു. അന്ന് ജില്ലാ കമ്മിറ്റി ഓഫിസിന്റെ പ്രധാന കവാടം പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു.അതേ പ്രവര്‍ത്തകരാണ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ബിജെപി നേതൃത്വത്തിനെതിരേയുള്ള കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ഇത് ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഓഫിസ് ഉപരോധിച്ചിരുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 30 ന് നടപടിയെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സമയപരിധി അവസാനിച്ചിട്ടും നടപടിയെടുക്കാത്തതിനാലാണ് പ്രവര്‍ത്തകര്‍ പരസ്യമായി വീണ്ടും രംഗത്തെത്തിയത്. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വവും,ജില്ലാ നേതൃത്വവും ഒളിച്ചു കളിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.സിപിഎം ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് നേരത്തെ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ പി രമേശ് രാജിവച്ചിരുന്നു.