പാലം നിര്‍മ്മാണത്തിലെ ക്രമക്കേട്;വിവരാവകാശരേഖ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട യുവാവിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വധ ഭീഷണിയെന്ന് പരാതി
മൂന്ന് ദിവസത്തിനകം ലിജേഷിനെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്
കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച വിവരാവകാശ രേഖ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് യുവാവിന് വധ ഭീഷണി ഉള്ളതായി പരാതി.സിപിഎം വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി ടി പി പവിത്രന്‍ രേഖകള്‍ പുറത്ത് വിട്ടതിന് തന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പി വി ലിജേഷിന്റെ അമ്മ ലീല പറഞ്ഞു.
മൂന്ന് ദിവസത്തിനകം ലിജേഷിനെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സിഐയുടെ മുന്നില്‍ വച്ചായിരുന്നു ഭീഷണി. മരിക്കാന്‍ പേടിയില്ലെന്നും ലിജേഷിനെ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ കൊല്ലണമെന്നും ലീല പറഞ്ഞു.
പാലം നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് ലിജേഷിനെയും മറ്റൊരാളെയും ആക്രമിച്ച സംഭവത്തില്‍ പവിത്രന്‍ ഉള്‍പ്പെടെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.പി പി പവിത്രന്‍, കെ ഷൈബു, പി വി കലേഷ്, പി വി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വട്ടക്കുളം തോടിനു പാലം നിര്‍മിക്കാന്‍ 2019ല്‍ നഗരസഭ ഫണ്ട് അനുവദിച്ചിരുന്നു. ഏഴര മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മിക്കാന്‍ 7 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.കൊവിഡ് കാരണം മുടങ്ങിപ്പോയ നിര്‍മാണം കഴിഞ്ഞ മാസമാണ് തുടങ്ങിയത്. ഏഴര മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും പാലം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയില്‍ പാലത്തിന്റെ വീതി നാലുമീറ്ററാക്കി ചുരുക്കുകയായിരുന്നുവെന്ന കാര്യങ്ങള്‍ വിവരാവകാശ പ്രകാരം ലിജേഷ് നഗരസഭയില്‍നിന്ന് ശേഖരിച്ചിരുന്നു.ഇതു ലിജേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് കഴിഞ്ഞമാസം 27ന് വൈകിട്ട് ലിജേഷിനെയും നഗസഭ മുന്‍ കൗണ്‍സിലര്‍ സീമ സുരേഷിന്റെ ഭര്‍ത്താവ് സുരേഷിനെയും 4 അംഗ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.