കെ റെയില്‍ അത്യാവശ്യം; യൂറോപ്യൻ നിലവാരത്തിലേക്ക് കേരളമെത്തി: യെച്ചൂരി

ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്.

Update: 2022-04-11 09:03 GMT

കണ്ണൂര്‍: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത്. ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു.

ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബിജെപിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബിജെപി തേടുകയാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തും. വിലക്കയറ്റവും ഇന്ധനവിലയും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കുമെന്നും യെച്ചൂരി അറിയിച്ചു.

Similar News