യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുക്കിയത്.
കാസര്‍ഗോഡ്: പിറന്ന നാട്ടില്‍ ആയിരങ്ങളെ കണ്ണീരിലാഴ്ത്തി പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയത്. മൃതദേഹങ്ങള്‍ ഒരു സ്ഥലത്താണ് സംസ്‌കരിച്ചത്. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുക്കിയത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആരംഭിച്ച വിലാപ യാത്രയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും ടി സിദ്ധിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. വ്യത്യസ്ത ഇടങ്ങളിലായി നിരവധിപേരാണ് അന്തിമോചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നത്.
മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം നടന്നു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മണി, ശേഖരന്‍ നായര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടുപേരെയും മംഗലാപുരത്തേക്ക് കൊണ്ടുപോയി വിലാപയാത്രക്കിടെ പെരിയ എകെജി ഭവന് മുന്നില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.