മെക്-7, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദങ്ങള്‍ ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന് സിപിഎം സമ്മേളന പ്രതിനിധികള്‍

വടകര: മെക്-7 വ്യായാമക്കൂട്ടായ്മക്കെതിരെ പി മോഹനന്‍ നടത്തിയ പരാമര്‍ശവും ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദവും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമര്‍ശനം. ജില്ലയിലെ 16 ഏരിയാകമ്മിറ്റികളെ പ്രതിനിധാനംചെയ്ത് 41 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പരാമര്‍ശിക്കവേയാണ് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയം ചര്‍ച്ചയായത്. യുഡിഎഫിനെതിരേയുള്ള വിവാദം പിന്നീട് സിപിഎമ്മിനെതിരേ വരുകയായിരുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു. മെക്-7 വിഷയത്തില്‍ പി മോഹനന്‍ നടത്തിയ അഭിപ്രായവും പാര്‍ട്ടിക്ക് എതിരായി വന്നു. കെ കെ രമയുടെ മകന്റെ വിവാഹത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പങ്കെടുത്തതിലും വിമര്‍ശനമുണ്ടായി. ഒഞ്ചിയത്തെയും വടകരയിലെയും പ്രവര്‍ത്തകര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം.
ജില്ലാകമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. തുടര്‍ന്ന്, ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് 12 അംഗ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.