സിപിഎം വാദം പൊളിഞ്ഞു; പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരേ ബോംബേറ്; ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ ക്രമസമാധാനം തകർക്കാൻ ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കത്തിൻ്റെ ഭാഗമാണ് ആർഎസ്എസ് ഓഫിസിനു നേരെ നടന്ന ബോംബേറെന്നായിരുന്നു സിപിഎം വിശദീകരണം.
കണ്ണൂർ: പയ്യന്നൂരിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയമായ രാഷ്ട്ര മന്ദിരത്തിന് നേരെ ബോംബേറ് നടത്തിയ സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാക്കളായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും പോലിസ് ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ വൈകീട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒന്നാം പ്രതി ഗനിൽ ടി സി ഡിവൈഎഫ്ഐ പുത്തൂർ മേഖലാ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതി കശ്യപ് ഡിവൈഎഫ്ഐ വെള്ളൂർ സെൻട്രൽ മേഖലാ കമ്മിറ്റിക്ക് കീഴിലെ പുതിയങ്കാവ് യൂനിറ്റ് സെക്രട്ടറിയാണ്.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ ക്രമസമാധാനം തകർക്കാൻ ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കത്തിൻ്റെ ഭാഗമാണ് ആർഎസ്എസ് ഓഫിസിനു നേരെ നടന്ന ബോംബേറെന്നായിരുന്നു സിപിഎം വിശദീകരണം. സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും മുഖം നോക്കാതെ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ജുലയ് 12 ന് സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ നേതാക്കളുടെ അറസ്റ്റോടെ സിപിഎം വാദം പൊളിഞ്ഞിരിക്കുകയാണ്. ബോംബെറിഞ്ഞത് സാമൂഹ്യ വിരുദ്ധ ശക്തികളെന്ന് പറഞ്ഞ സിപിഎം ഇവർക്കെതിരേ നടപടി സ്വീകരിക്കുമോയെന്ന് കണ്ടറിയണം.
പോലിസിന് ലഭിച്ച സംഭവ ദിവസത്തിലെ മൊബെൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സംശയത്തിൻ്റെ നിഴലിലായ പത്തോളം പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് പ്രതികളിലേക്കെത്താൻ സാധിച്ചത്. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും കണ്ടങ്കാളി റോഡിലേക്കുള്ള ക്യാമറാ ദൃശ്യങ്ങളിലൂടെ പോലിസ് നടത്തിയ അന്വേഷണവുമാണ് കേസിൽ വഴിതിരിവായത്. തുടർന്നാണ് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്.
പ്രതികൾ എത്തിയ വാഹനത്തെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതിനാൽ അന്ന് രാത്രിയിലും പകലും ഇവരുടെ മൊബെൽ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും മറ്റും അന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേഷ് കെ നായർ, എസ്ഐ പി വിജേഷ്, ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെട്ട ഇരുപതോളം പോലിസുകാരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇപ്പോൾ അറസ്റ്റിലായ ഇരുവരുടേയും പ്രദേശങ്ങൾ തമ്മിൽ അഞ്ച് കിലോമീറ്ററോളം വ്യത്യാസമുണ്ടെന്നതും സംഭവത്തിന് ശേഷം പ്രതികൾ പോയത് കണ്ടങ്കാളി മാവിച്ചേരി ഭാഗത്തേക്കാണെന്നതും സംഭവത്തിന് പിന്നിൽ ഗൂഡാലോചന നടന്നതിലേക്കും സംശയമുയരുന്നുണ്ട്. എന്നാൽ കേസിൽ ഇതുവരെ ഗൂഡാലോചനക്കുറ്റം ചുമത്തിയിട്ടില്ല. ധനരാജ് രക്തസാക്ഷിത്വ ദിനത്തിൽ രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണ വിധേയനായ ടി ഐ മധുസൂദനൻ എംഎൽഎ പ്രസംഗിക്കുന്നതിനിടെ അണികൾ എഴുന്നേറ്റ് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. അന്ന് രാത്രിയായിരുന്നു ആർഎസ്എസ് കാര്യാലയത്തിന് നേരേ ബോംബേറ് ഉണ്ടായത്.
ഇക്കഴിഞ്ഞ 11ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് ആര്‍എസ്എസ് ജില്ലാകാര്യാലയമായ പയ്യന്നൂരിലെ രാഷ്ട്രമന്ദിരത്തിന് നേരെ ബോംബേറ് ഉണ്ടായത്. രണ്ടു സ്റ്റീല്‍ ബോംബുകളാണ് അക്രമത്തിന് ഉപയോഗിച്ചത്. ഗ്രില്ലില്‍തട്ടി പൊട്ടിത്തെറിച്ച ബോംബിന്റെ സ്ഫോടന ശക്തിയില്‍ ഇരുമ്പു ഗ്രില്ല് വളഞ്ഞുപോയി. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ചില്ലുകളും പൊട്ടിച്ചിതറി. ഓഫിസ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.