കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്‌കരണം; മുഖ്യമന്ത്രിക്കും മലപ്പുറം കലക്ടര്‍ക്കും നിവേദനം നല്‍കി എസ്ഡിപിഐ
കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മൃതദേഹങ്ങളോട് പ്രോട്ടോക്കോളിന്റെ സങ്കീര്‍ണതയുടെ പേരില്‍ അനാദരവ് കാണിക്കുന്ന ഖേദകരമായ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് നിവേദനത്തില്‍ പറയുന്നു. കൊവിഡ് മൂര്‍ച്ഛിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പിന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ലാതെ അവരെ പരിചരിക്കാനോ കാണാനോ പറ്റില്ല.
മലപ്പുറം: കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് എസ് ഡിപിഐ കേരളാ മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കി. കേരളത്തില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മലപ്പുറം ജില്ലയിലെ അതീവസങ്കീര്‍ണമായ സാഹചര്യത്തെ മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും പ്രോട്ടോക്കോള്‍ പരിമിതിയുടെ പേരില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി എസ് ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫാണ് നിവേദനം സമര്‍പ്പിച്ചത്.
കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മൃതദേഹങ്ങളോട് പ്രോട്ടോക്കോളിന്റെ സങ്കീര്‍ണതയുടെ പേരില്‍ അനാദരവ് കാണിക്കുന്ന ഖേദകരമായ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് നിവേദനത്തില്‍ പറയുന്നു. കേരളത്തിന് പുറത്ത് രാജ്യത്തെ വ്യത്യസ്തയിടങ്ങളില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നികൃഷ്ടമായി കൈകാര്യം ചെയ്യുന്ന വീഡിയോ ചിത്രങ്ങള്‍ പേടിസ്വപ്‌നമായി മനസ്സില്‍ പേറുന്നവരാണ് നമ്മള്‍. കൊവിഡ് മൂര്‍ച്ഛിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പിന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ലാതെ അവരെ പരിചരിക്കാനോ കാണാനോ പറ്റില്ല. ആരോഗ്യപ്രവര്‍ത്തകര്‍ കൈമാറുന്ന വിവരങ്ങള്‍ അനുസരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ബന്ധുക്കള്‍ ചെയ്തിരുന്നത്.
മരണവേളയില്‍ രോഗിയോടൊപ്പം നില്‍ക്കാനും ശുശ്രൂഷിക്കാനും കഴിയാത്തതും പലപ്പോഴും മരണപ്പെട്ട ശേഷം മാത്രം ബന്ധപ്പെട്ടവര്‍ വിവരമറിയുന്ന അതീവസങ്കടകരമായ സാഹചര്യത്തെയും നമുക്ക് അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി അധികൃതരും കൈമാറുന്ന മൃതദേഹം തുറന്നുപോലും നോക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബര്‍സ്ഥാനിലോ ശ്മശാനങ്ങളിലോ മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ആണ് ചെയ്യുന്നത്. പലപ്പോഴും മൃതദേഹങ്ങള്‍ മാറി സംസ്‌കരിക്കപ്പെട്ടതില്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കഷ്ടനഷ്ടങ്ങളും വേദനാജനകമായ അനുഭവങ്ങളും മറ്റ് ജില്ലകളില്‍നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
യഥാര്‍ഥത്തില്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ മൃതദേഹങ്ങളോട് അടുത്ത ബന്ധുക്കള്‍ക്ക് ഇത്രയും വിലക്കും അസ്പ്രശ്യതയും കല്‍പ്പിക്കുന്നത് ഖേദകരവും ഒഴിവാക്കേണ്ടതുമാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തില്‍നിന്ന് രോഗാണു വ്യാപനസാധ്യതയില്ലെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുചേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം മരണശേഷം മൃതദേഹത്തിനും ലഭ്യമാണെന്ന് സ്ഥാപിച്ച് സുപ്രിംകോടതി വിധികളുമുള്ളതാണ്. മനുഷ്യന് അന്തസ്സോടെയുള്ള ജീവിതം പ്രദാനം ചെയ്യുന്ന ഭരണഘടന മൃതദേഹത്തിന്റെ അന്തസ്സോടെയുള്ള സംസ്‌കരണവും ഉറപ്പുതരുന്നുണ്ട്. മാത്രമല്ല, മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മൃതദേഹ സംസ്‌കരണത്തിന് പ്രത്യേകം ചടങ്ങുകളും ആചാരങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആയവ യഥാവിധി നടത്താനുള്ള അവകാശങ്ങളും ഇന്ത്യന്‍ പൗരന് ഭരണഘടന പ്രകാരം ലഭ്യമാവേണ്ടതുണ്ട്.
ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന കൊവിഡ് മരണങ്ങളില്‍ ബന്ധുക്കള്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ സന്നദ്ധരാണ്. കൊവിഡിന്റെ വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാനും പ്രോട്ടോക്കോള്‍ പാലിക്കാനും അവര്‍ ഒരുക്കവുമാണെന്ന് നിവേദനം പറയുന്നു. 2020 സപ്തംബറില്‍ ലോകാരോഗ്യ സംഘടന കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ മൃതശരീരത്തോട് ആദരവ് കാണിക്കണമെന്നും അവരുടെ മതപരവും സംസ്‌കാരപരവുമായ പാരമ്പര്യവും ബഹുമാനിക്കണമെന്നും അവരുടെ താല്‍പര്യങ്ങള്‍ സുരക്ഷിക്കണമെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയും ബന്ധുമിത്രാദികള്‍ക്ക് മൃതദേഹത്തോയോട് യാതൊരു അവകാശവുമില്ലാത്ത രീതിയിലാണ് പലപ്പോഴും ബന്ധപ്പെട്ടവര്‍ പെരുമാറുന്നത്. മൃതദേഹത്തില്‍നിന്ന് മാലിന്യങ്ങള്‍ ഒഴിവാക്കാനും വൃത്തിയാക്കാനും ബന്ധുക്കള്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് അവസരം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് എസ്ഡിപിഐ ഇതിന് മുമ്പും രംഗത്തു വന്നിരുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതും കൊവിഡ് വ്യാകുലതയില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരാവുന്നതുമായ ഒരു തീരുമാനം സര്‍ക്കാരില്‍നിന്നുണ്ടാവണമെന്ന് നിവേദനത്തില്‍ എസ്ഡിപിഐ ആവശ്യപ്പെട്ടു.