മലപ്പുറത്തെ കുറ്റകൃത്യങ്ങളെ ഒരു സമുദായത്തിന്റെയും പിടലിക്ക് വയ്ക്കരുത്: പിണറായി വിജയന്‍

മലപ്പുറത്തെ ഏതുകുറ്റകൃത്യവും മറ്റു ജില്ലകളിലെ കുറ്റകൃത്യം പോലെ തന്നെയാണ്.

Update: 2024-10-25 06:26 GMT

ചേലക്കര: മലപ്പുറം ജില്ലയിലെ കുറ്റകൃത്യങ്ങളെ ഒരു സമുദായത്തിന്റെ പിടലിക്ക് വയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി പേര്‍ ഉപയോഗിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണവും ഹവാലപ്പണവും പിടിക്കുന്നത്. ഇത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അതില്‍ എന്തിനാണ് വേവലാതിപ്പെടുന്നത്. സര്‍ക്കാര്‍ നടപടി മലപ്പുറത്തിന് എതിരാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്താണ് അതിന്റെ ഉദ്ദേശം?

2022ല്‍ 98 കേസുകളിലായി 79 കിലോഗ്രാം സ്വര്‍ണമാണ് സംസ്ഥാനത്ത് പിടിച്ചത്. 2021ല്‍ 61 കിലോഗ്രാം സ്വര്‍ണം പിടിച്ചു. 2024ല്‍ ഇതുവരെ 18 കിലോഗ്രാം സ്വര്‍ണം പിടിച്ചു. മൊത്തം 147 കിലോഗ്രാമില്‍ 124 കിലോഗ്രാമും കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പിടിച്ചത്. പിടിച്ചെടുത്ത 122 കോടി ഹവാലപണത്തില്‍ 87 കോടിയും കരിപ്പൂരില്‍ നിന്നാണ്. കണക്കുകള്‍ പറയുമ്പോള്‍ എന്തിനാണ് മലപ്പുറത്തെ പറയുന്നു എന്ന് ആരോപിക്കുന്നത്.

എല്ലായ്‌പ്പോഴും മലപ്പുറത്തിന് ഒപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎം. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് 1967ല്‍ ഇഎംഎസ് മലപ്പുറം ജില്ല രൂപീകരിച്ചത്. ആര്‍എസ്എസും കോണ്‍ഗ്രസും അതിന് എതിരായിരുന്നു. മലപ്പുറത്തെ അവര്‍ കൊച്ചു പാകിസ്താന്‍ എന്നു വിളിച്ചു. ഇപ്പോള്‍ മലപ്പുറത്തെ മോശമായി പറയുന്നത് അവര്‍ക്ക് ഗുണമായി മാറുകയാണ് ചെയ്യുക. മലപ്പുറത്തെ ഏതുകുറ്റകൃത്യവും മറ്റു ജില്ലകളിലെ കുറ്റകൃത്യം പോലെ തന്നെയാണ്. അത് ഏതെങ്കിലും സമുദായത്തിന്റെ പിടലിയില്‍ വയ്ക്കാന്‍ ഒരുഘട്ടത്തിലും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു.

Tags:    

Similar News