പൂക്കോട്ടുംപാടം എസ്‌ഐക്കെതിരേ പ്രതിഷേധിച്ച മതപണ്ഡിതനെതിരെ എടുത്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണം: എസ്ഡിപിഐ

റമദാനിലെ അവസാന വെള്ളിയാഴ്ച മുസ്‌ലിംകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു ജുമുഅ നടത്തുന്നതിനെ ഗൂഢതാല്‍പര്യത്തോടെ തടയാന്‍ പൂക്കോട്ടുംപാടം എസ്‌ഐ കാണിച്ച അമിത താല്‍പര്യം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനേ ഉപകരിക്കൂ.

Update: 2021-05-10 12:18 GMT

അമരമ്പലം: ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളത്തില്‍ മറ്റെങ്ങുമുണ്ടായിട്ടാല്ലാത്ത രീതിയില്‍ അമരമ്പലം പഞ്ചായത്തില്‍ മാത്രം പള്ളികള്‍ പൂട്ടിക്കാന്‍ പിടിവാശി കാണിച്ച പൂക്കോട്ടുംപാടം എസ്‌ഐയുടെ നടപടിക്കെതിരേ ഫേസ്ബുക്കില്‍ പ്രതികരിച്ച മതപണ്ഡിതനെ പ്രതിയാക്കി ക്രിമിനല്‍ കേസെടുത്ത നടപടി നികൃഷ്ടവും അപലപനീയവുമാണെന്നും കേസ് ഉടന്‍ പിന്‍വലിക്കണമെന്നും എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

റമദാനിലെ അവസാന വെള്ളിയാഴ്ച മുസ്‌ലിംകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു ജുമുഅ നടത്തുന്നതിനെ ഗൂഢതാല്‍പര്യത്തോടെ തടയാന്‍ പൂക്കോട്ടുംപാടം എസ്‌ഐ കാണിച്ച അമിത താല്‍പര്യം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനേ ഉപകരിക്കൂ.

കൊവിഡ് പ്രതിരോധം ജാതി മത സംഘടനാ ഭേദമന്യേ മുഴുവന്‍ ജനങ്ങളെയും വിശ്വാസത്തിലെടുത്തു മാത്രം ചെയ്യേണ്ടതാണെന്ന് പോലിസ് മറക്കരുത്. അങ്ങനെ മാത്രമേ അത് വിജയിപ്പിക്കാനുമാവൂ. പ്രശംസയര്‍ഹിക്കുന്ന ധാരാളം പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ രീതികളും അവലംബിച്ച് മുന്നേറുന്ന കേരള പോലിസിന്റെ യശസ്സ് കളങ്കപ്പെടുത്തുന്ന ഇത്തരം ഉദ്യോഗസ്ഥരെ ദുര്‍ഗുണ പരിഹാര പാഠശാലയിലയക്കാനും ഉന്നതാധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സകല നിയന്ത്രണങ്ങളും പാലിക്കുകയും പള്ളികള്‍ പോലും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ മുറിവേല്‍പ്പിക്കുന്ന പ്രതിലോമ നിലപാടുകള്‍ നടത്തുന്ന ഇത്തരം ഓഫിസര്‍മാരെക്കൊണ്ട് തിരുത്തിക്കണം.

അന്യായമായും പകപോക്കാന്‍ വേണ്ടിയും മതപണ്ഡിതനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചുകൊണ്ട് തെറ്റുതിരുത്തണമെന്ന് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് വി ടി ഇക്രാമുല്‍ ഹഖ്, അഡ്വ. സാദിഖ് നടുത്തോടി, എ കെ അബ്ദുല്‍ മജീദ്, അഡ്വ. കെ സി നസീര്‍ പങ്കെടുത്തു.

Tags:    

Similar News