നേതാക്കളെ വിമര്‍ശിച്ച് ചര്‍ച്ച; കണ്ണൂരില്‍ ലീഗ് വോയ്‌സ് വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാരെ പുറത്താക്കി
കണ്ണൂര്‍: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുസ് ലിം ലീഗ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇടപെടുകയും വിഭാഗീയതയ്ക്ക് കളമൊരുക്കുകയും ചെയ്യുന്നുവെന്ന് ആരോപിട്ട് കണ്ണൂരില്‍ ലീഗ് വോയ്‌സ് എന്ന ഗ്രൂപ്പിലെ അഡ്മിന്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങള്‍ ആയിട്ടുള്ള ഗ്രൂപ്പുകള്‍ പിരിച്ചുവിടുകയും പാര്‍ട്ടി പ്രവര്‍ത്തര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന് മുസ് ലിംലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും സംയുക്ത യോഗം ആവശ്യപ്പെടുകയും ചെയ്തു. ലീഗ് പ്രവര്‍ത്തകര്‍ അംഗങ്ങളും അഡ്മിനുമായി ലീഗ് വോയ്‌സ്, കണ്ണൂര്‍ എന്ന ഗ്രൂപ്പില്‍
കെ എം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ച പുറത്തായിരുന്നു. തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത പ്രചരിപ്പിക്കുകയും പാര്‍ട്ടിനേതാക്കളെയും ഘടകങ്ങളെയും അവമതിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ലീഗ് വോയ്‌സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നേരത്തെ തന്നെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ പോലും വെല്ലുവിളിച്ച് ജില്ലാ മുസ് ലിം ലീഗ് ഭാരവാഹികളെയും കമ്മിറ്റിയെ ഒന്നടങ്കവും ഇതേഗ്രൂപ്പിലൂടെ നിരന്തരം അപഹസിക്കുന്നതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന വാട്‌സ് ആപ്പ്ഗ്രൂപ്പ് അഡ്മിനും ഷാര്‍ജ കെഎംസിസി ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറിയുമായ നസീര്‍ തേര്‍ളായി, കെ പി താജുദ്ദീന്‍(നടുവില്‍), കെ ഉമര്‍ ഫാറൂഖ്(വെള്ളിക്കീല്‍), കുട്ടി കപ്പാലം(തളിപ്പറമ്പ്), ടി പി സിയാദ്(കുപ്പം) എന്നിവരുടെ പാര്‍ട്ടി അംഗത്വം റദ്ദ് ചെയ്യുന്നതിന് തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് സ്വീകരിച്ച നടപടി യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയും തുടര്‍ നടപടികള്‍ക്ക് സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശചെയ്യുകയും ചെയ്തതായി ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രസ്തുത വാട്‌സാപ്പ് ഗ്രൂപ്പ് പാര്‍ട്ടി വിരുദ്ധഗ്രൂപ്പ് ആണെന്ന് പ്രഖ്യാപിച്ച യോഗം, പാര്‍ട്ടി പ്രവര്‍ത്തകരായ ഇതിലെ അംഗങ്ങള്‍ അടിയന്തിരമായും അതില്‍നിന്ന് വിട്ട്‌നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. നിരന്തരം പാര്‍ട്ടിയെയും നേതാക്കളെയും അപഹസിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുസ് ലിം ജില്ലാ സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടത്തും. യോഗം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ കമ്മിറ്റി നിരീക്ഷകനുമായ അബ്ദുറഹിമാന്‍ രണ്ടത്താണി യോഗം ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി സംസാരിച്ചു.