കോടികളുടെ കള്ളപ്പണം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റുചെയ്യണം; എസ്ഡിപിഐ തൃശൂര്‍ ഡിഐജി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന് ബിജെപി സംസ്ഥാനത്തേക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കിയ കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ അന്വേഷണസംഘത്തലവനായ തൃശൂര്‍ ഡിഐജിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കള്ളപ്പണ കേസില്‍ അന്വേഷണസംഘം നടത്തുന്ന മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിനു മുന്നിലും തൃശൂര്‍ അന്വേഷണസംഘത്തലവന്റെ ഓഫിസിനു മന്നിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ തൃശൂരിലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോടികളുടെ കള്ളപ്പണ ഇടപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ കെ സുരേന്ദ്രനെ എത്രയുംവേഗം അറസ്റ്റുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാക്കള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി അന്വേഷണം ബോധപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ കോടികളുടെ കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് അധികാരം പിടിച്ചെടുത്ത രീതിയില്‍ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു നീക്കമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ആരോപിച്ചു. കോടികളുടെ കള്ളപ്പണത്തിന്റെ ബലത്തിലാണ് 35 സീറ്റു കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് സുരേന്ദ്രന്‍ വീമ്പിളക്കിയത്. കള്ളപ്പണത്തില്‍നിന്ന് ഒരംശം തൃശൂര്‍ കൊടകരയില്‍ പിടിച്ചെടുത്തതോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍, വ്യാജപ്രതികളെ സൃഷ്ടിച്ചും തുക കുറച്ചുകാണിച്ചും കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്.
ബിജെപി ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഉന്നതബന്ധം വ്യക്തമായതോടെ അന്വേഷണം മരവിച്ചിരിക്കുകയാണ്. ഫണ്ട് വീതംവയ്പ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ പരസ്പരം വെട്ടിവീഴ്ത്തിയിട്ടും അന്വേഷണസംഘം നിസ്സംഗത പാലിക്കുകയാണ്. ബിജെപി വിരുദ്ധരെ വിരട്ടി നിര്‍ത്താന്‍ ഓടി നടക്കുന്ന ഇഡി ബിജെപി നേതാക്കള്‍ പ്രതിയായ കോടികളുടെ ഹവാല ഇടപാടില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഡിഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് വഴിമധ്യേ പോലിസ് തടഞ്ഞു.
സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആസിഫ് അബ്ദുല്ല, അഷ്‌റഫ് വടക്കൂട്ട്, എന്‍ കെ ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീസ് കൊടുങ്ങല്ലൂര്‍, മനാഫ് കൊടുങ്ങല്ലൂര്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ് കാളത്തോട്, അബ്ദുല്‍ ഖാദര്‍ വടക്കാഞ്ചേരി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.