സാമ്പത്തിക പ്രതിസന്ധി: സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രം റദ്ദാക്കി
ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ശമ്പളത്തോടൊപ്പം നല്‍കിയിരുന്ന റേഷന്‍തുക കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയാണെന്നും ഈ സമയത്ത് റേഷന്‍ വിഹിതം അനുവദിക്കാനാവില്ലെന്നും കാണിച്ചാണ് പുതിയ നടപടി. ജവാന്മാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നതിനും ആരോഗ്യം ഉറപ്പു വരുത്താനുമാണ് റേഷന്‍ തുക അനുവദിച്ചിരുന്നത്.
അടുത്തമാസത്തെ ശമ്പളത്തില്‍ റേഷന്‍ വിഹിതം ഉണ്ടാവില്ലെന്നു കേന്ദ്ര ആസ്ഥാനത്തു നിന്നു യൂനിറ്റുകള്‍ക്കു അറിയിപ്പു ലഭിച്ചിരുന്നു. റേഷന്‍ വിഹിതത്തിനായി ആവശ്യപ്പെട്ട 800 കോടിരൂപ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടില്ലെന്നും ഇതിനാല്‍ ഈ വിഹിതം ഒഴിവാക്കുന്നതായുമാണ് അറിയിപ്പിലുള്ളത്. ജൂലൈ 22നും ആഗസ്ത് എട്ടിനും സപ്തംബര്‍ നാലിനും പണം ആവശ്യപ്പെട്ട് സിആര്‍പിഎഫ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ അനുവദിക്കാനാകില്ലെന്നാണ് വിശദീകരണം.
അടുത്തമാസം ആദ്യത്തില്‍ ലഭിക്കേണ്ട സപ്തംബറിലെ ശമ്പള ബില്ലില്‍ റേഷന്‍ തുക പൂജ്യമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് റേഷന്‍ വിഹിതം മുടങ്ങുന്നതെന്നു സിആര്‍പിഎപ് ജവാന്‍മാര്‍ പറഞ്ഞു.