ജീവനക്കാരന് കൊറോണ; ഡല്‍ഹി സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Update: 2020-05-03 09:04 GMT

ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് കെട്ടിടം സീല്‍ ചെയ്തിരിക്കുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കും.

ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാംപില്‍ വൈറസ് ബാധിച്ച ജവാന്മാരുടെ എണ്ണം കഴിഞ്ഞ ദിവസം 122 ആയി ഉയര്‍ന്നു.അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍പിഎഫ് മേധാവിയില്‍നിന്ന് വിശദീകരണം തേടി

ആയിരത്തിലേറെ അംഗങ്ങളുള്ള സിആര്‍പിഎഫ് ക്യാംപില്‍ ആദ്യം ഒമ്പതുപേര്‍ക്കായിരുന്നു രോഗം. കഴിഞ്ഞദിവസം രോഗബാധിതര്‍ 45 ആയി. ഇപ്പോളത് 122 ആയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. രോഗബാധിതരില്‍ മൂന്നുമലയാളികളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേര്‍ക്ക് രോഗംബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 100 പേരുടെ പരിശോധനഫലം പുറത്തുവരാനുണ്ട്.

കിഴക്കന്‍ ഡല്‍ഹിയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാര്‍ ഫേസ് ത്രീയിലാണ് 31ാം ബറ്റാലിയനിലുള്ള സിആര്‍പിഎഫ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിക്കുസമീപം നോയ്ഡയില്‍ താമസിക്കുന്ന നഴ്സിങ് അസിസ്റ്റന്റില്‍നിന്നാണ് മരിച്ച ജവാന് കൊവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അവധിയിലുള്ള ജവാന്മാര്‍ തൊട്ടടുത്തുള്ള ക്യാംപില്‍ റിപോര്‍ട്ടുചെയ്യണമെന്ന് സിആര്‍പിഎഫ് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നഴ്സിങ് അസിസ്റ്റന്റ് മയൂര്‍വിഹാറിലെ ക്യാംപിലെത്തിയിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.

അതിനിടെ, മൂന്നാം ഘട്ട ലോക്ഡൗണ്‍ നാളെ ആരംഭിക്കാനിരിക്കെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി.ഇന്നലെ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,301 ആയി ഉയര്‍ന്നു. 2,644 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികള്‍ നാല്‍പതിനായിരത്തിന് അടുത്തെത്തി. 10,633 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.  

Tags:    

Similar News