അടിയാളത്തിയോടുള്ള ക്രൂരത: ഓര്‍മകളില്‍ നിറഞ്ഞ് ചേറൂര്‍ വിപ്ലവ സ്മരണകള്‍
വീണ്ടുമൊരു അറബ് മാസം റമളാന്‍ 28 വരുമ്പോള്‍ ചേറൂര്‍ പടയും, പടനായകനും, പോരാളികളും പുതുതലമുറക്ക് അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഇന്നും കരുത്ത് പകരും.
ഹമീദ് പരപ്പനങ്ങാടി
തിരൂരങ്ങാടി: നിറം കറുത്തതിന്റെയും, അവര്‍ണനായി ജനിച്ചതിന്റെ പേരിലും ഇന്നും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന രാജ്യത്ത് ഒരു അടിയാളത്തി പെണ്ണിനോട് സവര്‍ണന്‍കാട്ടിയ ക്രൂരത ഒരു യുദ്ധമായി മാറിയ കഥയാണ് ചേറൂര്‍ യുദ്ധവും,അതിലെ രക്തസാക്ഷികളും. വീണ്ടുമൊരു അറബ് മാസം റമളാന്‍ 28 വരുമ്പോള്‍ ചേറൂര്‍ പടയും, പടനായകനും, പോരാളികളും പുതുതലമുറക്ക് അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഇന്നും കരുത്ത് പകരും.
ചേറൂര്‍ ശുഹദാക്കളുടെ രക്ത സാക്ഷിത്വത്തിന് 189വര്‍ഷം തികയുകയാണ് റമളാന്‍ 28ല്‍. കേരള ജനതക്കെന്നും ആത്മീയ വീര്യം പകരുന്ന ചേറൂര്‍പട അരങ്ങേറിയത് ഹിജ്റ 1252 റമസാന്‍ 28നാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് തിരൂരങ്ങാടിക്ക് സമീപം വെന്നിയൂര്‍ നിവാസികളായ ആറ് പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. അവര്‍ മുമ്പുള്ള പേരുകള്‍ ഉപേക്ഷിച്ച് സലീം, ഹുസൈന്‍, അഹമ്മദ്, ആയിശ, ഹലീമ, ഖദീജ എന്നീ പേരുകള്‍ സ്വീകരിച്ചു. ഇതിന്റെ പേരില്‍ നാട്ടില്‍ ഹിന്ദു മുസ്ലിം സംഘട്ടനങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായി.
പട്ടാളക്കാരുടെ ഒത്താശയോടെ പാവപ്പെട്ട മുസ്ലിംകളെ കഴിയുംവിധം അവര്‍ പീഡിപ്പിച്ചു. ചേറൂര്‍ നാടിന്റെ അധികാരിയായ കപ്രാട്ട് പണിക്കരെ ഇതിന് കൂട്ടുപിടിച്ചു. അവര്‍ നടത്തിയ അതിക്രമമായിരുന്നു ചേറൂര്‍ പടക്ക് കാരണമായത്. അടിയാളത്തിയായ ചക്കി പെണ്ണ് ആയിശയായി പരിവര്‍ത്തനം ചെയ്തന്ന് മാത്രമല്ല മാറുമറക്കാന്‍ പാടില്ലാത്ത കാലത്ത് മാറുമറച്ച് മേല്‍ കുപ്പായം ഇട്ടതോടെ തമ്പ്രാന്‍ പണിക്കര്‍ക്ക് കലി കയറി. അവരുടെ വസ്ത്രം വലിച്ച് കീറിയെന് മാത്രമല്ല ഇരുമുലകളും അരിഞ്ഞെടുത്തത്രെ.' അപമാനിക്കപെട്ട പഴയഅടിയാളത്തി പെണ്ണ് നിലവിളിച്ച് കൊണ്ടാണ് അന്നത്തെ പാവങ്ങളുടെ ആശ്രയമായ മമ്പുറം തങ്ങളുടെ അടുത്ത് എത്തുന്നതും, പിന്നീട് യുദ്ധത്തിലേക്ക് വഴി തെളിയിച്ചതും.
പൊന്മള സ്വദേശികളായ പൂവ്വാടന്‍ മുഹ്യിദ്ദീന്‍കുട്ടി, പട്ടര്‍ കടവന്‍ ഹുസൈന്‍, മരക്കാര്‍, മുഹ്യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസക്കുട്ടി, കുന്നാഞ്ചേരി അലിഹസന്‍, ചോലക്കല്‍ ബുഖാരി എന്നിവരാണ് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി മരിച്ചത്. മമ്പുറം സയ്യിദ് അലവി തങ്ങള്‍ ചേറൂര്‍ പടയില്‍ പങ്കെടുത്തിരുന്നു. പടയില്‍ മമ്പുറം തങ്ങളുടെ വലതുകാലിന് വെടിയേറ്റു. ഇത് പിന്നീട് ഇദ്ധേഹത്തിന്റെ മരണകാരണവുമായി മാറിയെന്ന് ചരിത്രം പറയുന്നു.
മുസ്ലിംകളോട് ഏറ്റുമുട്ടാന്‍ അഞ്ചാം മദിരാശി പട്ടാളത്തിലെ അറുപത് പേരാണ് എത്തിയത്. അവരുടെ ക്യാപ്റ്റന്‍ , ഒരു സുബേദാറും മൂന്നു പട്ടാളക്കാരും കൊല്ലപ്പെട്ടു. ഒരു സായിപ്പിനും അഞ്ച് പട്ടാളക്കാര്‍ക്കും ഏഴ് താലൂക്ക് ശിപായിമാര്‍ക്കും പരിക്കേറ്റു. സര്‍വ വിധ സന്നാഹങ്ങളോടെയും എത്തിയ ബ്രിട്ടീഷ്പട്ടാളത്തോട് വെറും കയ്യോടെ ഏറ്റുമുട്ടിയിട്ടും മുസ്ലിം പടയാളികള്‍ വിജയിച്ചു. പടയില്‍ വീരമൃത്യു മരിച്ച മുസ്ലിംകളുടെ മയ്യിത്തുകളോട് വെള്ളക്കാര്‍ ക്രൂരത കാട്ടി.
മയ്യിത്തുകള്‍ ചേറൂരില്‍ നിന്ന് തിരൂരങ്ങാടി കച്ചേരി പരിസരത്ത് കൊണ്ടുവന്ന് പട്ടാളക്കാര്‍ മയ്യിത്തുകള്‍ക്ക് മീതെ എണ്ണ ഒഴിച്ച് തീകൊളുത്തി. മുട്ടിച്ചിറ ലഹള അടക്കമുള്ള യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരെയൊക്കെ സയ്യിദ് അലവി തങ്ങള്‍ വിശുദ്ധരാക്കി വാഴ്ത്തുകയും നേര്‍ച്ച നടത്തുകയും ചെയ്ത മുന്‍ അനുഭവം ഉള്ളതിനാല്‍, വാഴ്ത്തപ്പെടുന്നത് ഒഴിവാക്കാന്‍ കൊല്ലപ്പെട്ട മാപ്പിള യോദ്ധാക്കളുടെ ശരീരങ്ങള്‍ ദഹിപ്പിക്കാനായിരുന്നു സൈന്യത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിനായി നീക്കം നടത്തിയ ബ്രിട്ടീഷ് പട പിന്നീട് ശ്രമം ഉപേക്ഷിച്ചു മൃതശരീരങ്ങള്‍ മാപ്പിളമാര്‍ക്ക് കൈമാറി മതാചാര പ്രകാരം സംസ്‌കരിക്കുകയായിരുന്നു. അഗ്‌നി മൃത ശരീരങ്ങളെ സ്പര്‍ശിക്കാത്തതില്‍ ചകിതരായ സൈന്യം കുഴിച്ചു മൂടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണു വിശ്വാസം.
പിന്നീട് ഒരു കുഴിവെട്ടി എല്ലാ മയ്യിത്തുകളും അതിലിട്ടുമൂടി. ചെമ്മാട് ടൗണിന് സമീപം തിരൂരങ്ങാടി പഞ്ചായത്ത് ഓഫിസിന് പിന്‍വശത്താണ് ചേറൂര്‍ രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥലം. മനുഷ്യനായി പോലും കാണാത്ത ഒരു കാലത്ത് തങ്ങളുടെ അധികാരം സ്ഥാപിക്കാനും, അടിച്ചമര്‍ത്താനും അധികാരിവര്‍ഗ്ഗം ചെയ്ത ക്രൂരതകള്‍ ചരിത്രത്തില്‍ വളച്ചൊടിച്ചേക്കാം പക്ഷെ സത്യം ഒരിക്കലും വിപ്ലവങ്ങള്‍ക്ക് തടസ്സമാകാറില്ല. പക്ഷെ ആധുനിക കാലത്ത് ഇന്നും ഇത്തരം ക്രൂരതകള്‍ അഴിഞ്ഞാടുമ്പോള്‍ പഴയ കാലത്ത് പോലും ചേറൂര്‍ സമരം പോലെ വിപ്ലവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ പുതിയ തലമുറക്ക് ഇത്തരം പോരാട്ടങ്ങള്‍ കരുത്ത് പകരുക തന്നെ ചെയ്യും.