'കൈകള്‍ വെട്ടൂ, അവരുടെ തലയറുക്കൂ; മുസ്‌ലിംകള്‍ക്കെതിരെ കൊലവിളിയുമായി രാജ്യതലസ്ഥാനത്ത് വിഎച്ച്പി റാലി
ഡല്‍ഹിയില്‍ നടന്ന വിഎച്ച്പി ജന്‍ ആക്രോശ് റാലിയിലാണ് മുസ്‌ലിംകള്‍ക്കെതിരേ അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയത്.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ ഞെട്ടലുളവാക്കുന്ന കൊലവിളി പ്രസംഗവുമായി വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) റാലി. ഡല്‍ഹിയില്‍ നടന്ന വിഎച്ച്പി ജന്‍ ആക്രോശ് റാലിയിലാണ് മുസ്‌ലിംകള്‍ക്കെതിരേ അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയത്.
അണികളുടെ ആര്‍പ്പുവിളിക്കെതിരേ 'അവരുടെ തലയറുക്കൂ, കൈകള്‍ വെട്ടൂ' എന്നാണ് വിദ്വേഷ പ്രസംഗത്തിലൂടെ നേരത്തേ തന്നെ കുപ്രസിദ്ധനായ ജഗത് ഗുരു യോഗേശ്വര്‍ ആചാര്യ റാലിയില്‍ അണികളോട് ആക്രോശിച്ചത്.
'ആവശ്യം വന്നാല്‍ അവരുടെ തലകളും കൈകളും വെട്ടണം. ഏറിപ്പോയാല്‍ നിങ്ങള്‍ ജയിലില്‍ പോയേക്കാം. അതിലപ്പുറമൊന്നും സംഭവിക്കില്ല. ഇത്തരത്തില്‍ അവരെ പാഠംപഠിപ്പിക്കാനുള്ള സമയമായി. അവര്‍ ഓരോരുത്തരേയും തിരിച്ചറിഞ്ഞ് ആക്രമിക്കണം'- ഇയാള്‍ പറഞ്ഞു.
'ലൈസന്‍സോടു കൂടിയോ അല്ലാതെയോ തോക്ക് കൈവശപ്പെടുത്തി അവരെ വകവരുത്തണം' എന്നാണ് മറ്റൊരു പ്രസംഗകനായ മഹന്ത് നവാല്‍ കിശോര്‍ദാസിന്റെ ആക്രോശം. 'തോക്കുകള്‍ സംഘടിപ്പിക്കണം. ലൈസന്‍സും. ഇനി ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട. നിങ്ങളെ ആക്രമിക്കാന്‍ വരുന്നവര്‍ ലൈസന്‍സുമായാണോ വരുന്നത്. പിന്നെ നമുക്കെന്തിനാണ് ലൈസന്‍സ്'- മഹന്ത് മൈക്കിലൂടെ അലറിവിളിച്ചു.
'നമ്മളൊന്നിച്ചാല്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ പോലും നമ്മെ ചായ തന്നെ സല്‍കരിക്കും. നമുക്കിഷ്ടമുള്ളത് ചെയ്യാം' മഹന്ത് കൂട്ടിച്ചേര്‍ത്തു. വന്‍ പോലിസ് സാന്നിധ്യത്തിലായിരുന്നു ഹിന്ദുത്വ നേതാക്കളുടെ അങ്ങേയറ്റം വിഷലിപ്തമായ പ്രസംഗങ്ങള്‍. വിദ്വേഷ പ്രസംഗകരെ ന്യായീകരിച്ച് രംഗത്തെത്തിയ വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍, ഇത് ജന്‍ ആക്രോശ് റാലിയാണെന്നും ജിഹാദികള്‍ക്കുള്ള സന്ദേശമാണ് തങ്ങള്‍ കൈമാറിയതെന്നും അവകാശപ്പെട്ടു. 'ജനങ്ങള്‍ രോഷാകുലരാണ്. ആവശ്യമെങ്കില്‍ അവര്‍ ജിഹാദികള്‍ക്കെതിരെ വാളെടുക്കും'- ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം വന്‍വിവാദമായിട്ടും പോലിസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.