ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, മെയ് 25 ഓടെ 'യാസ്' ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

മെയ് 22ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ശക്തിപ്രാപിച്ച് 72 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്നത്. ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 22, 23 തിയ്യതികളില്‍ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതും അതിതീവ്രവുമായ മഴയുണ്ടാവും. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

Update: 2021-05-19 16:53 GMT

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 22ഓടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി ഇത് മാറും. മെയ് 25ഓടെ ചുഴലിക്കാറ്റ് ശക്തപ്രാപിച്ച് മെയ് 26ന് വൈകുന്നേരത്തോടുകൂടി വടക്കുപടിഞ്ഞാറോട്ട് നീങ്ങി ഒഡീഷ- ബംഗാള്‍ തീരത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 'യാസ്' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഒമാന്‍ ആണ് പേര് നിര്‍ദേശിച്ചത്.

ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. മെയ് 22ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ശക്തിപ്രാപിച്ച് 72 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്നത്. ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 22, 23 തിയ്യതികളില്‍ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതും അതിതീവ്രവുമായ മഴയുണ്ടാവും. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മഴ മെയ് 25 വൈകുന്നേരം മുതല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നിവിടങ്ങളിലും തീവ്രമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. 19 മുതല്‍ 23 വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂര്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. 22, 23 തിയ്യതികളില്‍ ബംഗാള്‍ തീരത്തും മണിക്കൂര്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥാ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കേരളത്തില്‍ ആറ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് 22 വരെ ശക്തമായ മഴയ്ക്ക് പുറമേ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്.

മാര്‍ച്ച് മുതലുള്ള വേനല്‍ മഴയുടെ കണക്കെടുത്താല്‍ 128 ശതമാനം അധികമഴ സംസ്ഥാനത്തിന് ലഭിച്ചുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 10 ജില്ലകളില്‍ 100 ശതമാനത്തിന് മുകളില്‍ മഴ ലഭിച്ചു കഴിഞ്ഞു. വേനല്‍മഴ ഏറ്റവും അധികം ലഭിച്ച ജില്ല കണ്ണൂരാണ്. കാലവര്‍ഷം മേയ് അവസാനത്തോടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണക്കുകൂട്ടുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ച ക്യാമ്പുകളില്‍ 108 എണ്ണം തുടരുന്നു. അതില്‍ 893 കുടുംബങ്ങളിലായി 3159 പേരുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് ഇരുപത്തിരണ്ടോടു കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News