'യാസ്' ചുഴലിക്കാറ്റ് അതിതീവ്രമാവും; ബംഗാള്‍, ഒഡീഷ തീരങ്ങളില്‍നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു

ചുഴലിക്കാറ്റ് മെയ് 26ന് വൈകീട്ട് വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തെത്തി പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. യാസ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് കണക്കിലെടുത്ത് ബംഗാള്‍, ഒഡീഷ തീരങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകളെ സര്‍ക്കാരുകള്‍ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Update: 2021-05-23 19:36 GMT

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. തിങ്കളാഴ്ച രാവിലെയോടെ ന്യൂനമര്‍ദ്ദം 'യാസ്' ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് മെയ് 26ന് വൈകീട്ട് വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തെത്തി പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. യാസ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് കണക്കിലെടുത്ത് ബംഗാള്‍, ഒഡീഷ തീരങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകളെ സര്‍ക്കാരുകള്‍ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 155 മുതല്‍ 165 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാവാമെന്നാണ് മുന്നറിയിപ്പ്.


 ഈ സാഹചര്യത്തില്‍ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ശക്തമായ കാറ്റിനൊപ്പം മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാവാം. ബുധനാഴ്ച വൈകിയാണ് ഇത് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ തീരത്ത് വീശിയ ടൗട്ടെ ചുഴലിക്കാറ്റിനെപ്പോലെ യാസും തീവ്രമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡീഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം കേന്ദ്രം നല്‍കി.


 മുംബൈ ബാര്‍ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീരത്തുനിന്നും അകലെ ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒരുവര്‍ഷം മുമ്പ് ബംഗാളില്‍ വീശിയ അംഫാന്‍ ചുഴലിക്കാറ്റിനെ അപേക്ഷിച്ച് ഇത് ശാന്തമാണ്. 240 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് കാറ്റുവീശിയത്. 80 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലെയും ദേശീയ ദുരന്ത നിവാരണസേനയും്, സൈന്യവും തീരസംരക്ഷണ സേനയും ചേര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചത്. 85 എന്‍ഡിആര്‍എഫ് ടീമുകളില്‍ 32 എണ്ണം ബംഗാളിലും 28 എണ്ണം ഒഡീഷയിലും വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ചില ടീമുകളുണ്ട്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും മമത ബാനര്‍ജി സെക്രട്ടേറിയറ്റില്‍ ഒരു കണ്‍ട്രോള്‍ റൂം തുറന്നു. കിഴക്കന്‍ മിഡ്‌നാപൂരിലെ തീരദേശ ജില്ലയായ ദിഗ, പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍നിന്നുള്ള ആളുകളെ ഒഴിപ്പിക്കാന്‍ സംസ്ഥാനം ഉത്തരവിട്ടു. വടക്ക്, തെക്ക് 24 പര്‍ഗാനകളില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ചെളികൊണ്ട് മേല്‍ക്കൂര നിര്‍മിച്ച വീടുകള്‍ ഉപേക്ഷിച്ച് തിങ്കളാഴ്ച ഉച്ചയോടെ അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ സംഘങ്ങള്‍ അനൗണ്‍സ്‌മെന്റ് ചെയ്തിട്ടുണ്ട്. കടലില്‍പോയ മല്‍സത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ തീരത്തേക്ക് മടങ്ങണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News