തീരം തൊട്ട് യാസ്; 20 ലക്ഷം പേരെ ഒഴിപ്പിച്ചു, കേരളത്തിലും മഴയ്ക്കു സാധ്യത
രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ നിന്നായി 20ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കാറ്റ് ആഞ്ഞുവീശുകയാണ്.തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ നിന്നായി 20ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെ ഒന്‍പതോടെയാണ് ചുഴലിക്കാറ്റ് തീരത്ത് എത്തിയത്. ഉച്ചയോടെ പൂര്‍ണമായി കരയിലേക്ക് കടക്കുന്നതോടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിനെ നേരിടാന്‍ വലിയ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയെ അടക്കം വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയാണ് പെയ്യുന്നത്. കൊല്‍ത്ത നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നും കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴയുടെ ശക്തി കുറയും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.
അതേസമയം, യാസിന്റെ തുടര്‍ച്ചയായി കേരളത്തില്‍ കാലവര്‍ഷം നേരത്തേ എത്തുമെന്നു സൂചനയുണ്ട്. 31 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ കാലവര്‍ഷം മാലദ്വീപിലും ശ്രീലങ്കയിലുമെത്തി. 29 മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണു മുന്നറിയിപ്പ്.