ന്യൂഡല്‍ഹി: മോദി ഭരണ കാലത്ത് ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെയുണ്ടായ ആക്രമണങ്ങളിലെ വര്‍ധനയുടെ കണക്കു പുറത്തു വിട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ. 2015 സപ്തംബര്‍ മുതല്‍ രാജ്യത്തുണ്ടായ ജാതീയവും വംശീയവുമായ ആക്രമണങ്ങളില്‍ 70 ശതമാനവും ദലിതുകള്‍ക്കു നേരെയായിരുന്നുവെന്ന് ആംനസ്റ്റി പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബലാല്‍സംഘം, കൊലപാതകം തുടങ്ങി 721 വംശീയ ആക്രമണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്തുണ്ടായത്. ഇതില്‍ 498 എണ്ണവും ദലിതുകള്‍ക്കു നേരെയും 156 എണ്ണം മുസ്‌ലിംകള്‍ക്കെതിരേയുമായിരുന്നു. 103 ആക്രമണങ്ങളും പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ നടത്തിയതാണെന്നും റിപോര്‍ട്ടു വ്യക്തമാക്കുന്നു. 2018ല്‍ മാത്രം 218 വംശീയ ആക്രമണങ്ങളുണ്ടായപ്പോള്‍ 142 എണ്ണവും ദലിതുകള്‍ക്കു നേരെയും 50 എണ്ണം മുസ്‌ലിംകള്‍ക്കു നേരെയുമായിരുന്നു. ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. 57 എണ്ണം. ഗുജറാത്ത്-22, രാജസ്ഥാന്‍-18, തമിഴ്‌നാട്-16, ബീഹാര്‍-14 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ആക്രമണങ്ങളുടെ കണക്കുകള്‍. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ ഹിന്ദുത്വര്‍ അടിച്ചു കൊന്ന സംഭവം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് റിപോര്‍ട്ടില്‍. 2018ല്‍ മാത്രം 87 പേരെയാണ് ഹിന്ദുത്വര്‍ കൊന്നത്. 40 ബലാല്‍സംഗക്കേസുകള്‍ റിപോര്‍ട്ടു ചെയ്തതില്‍ 33 എണ്ണത്തിലും ദലിതു യുവതികളായിരുന്നു ഇരകളെന്നും റിപോര്‍ട്ടു വ്യക്തമാക്കുന്നു. പോലിസില്‍ റിപോര്‍ട്ടു ചെയ്തതും പുറത്തറിഞ്ഞതുമായ കേസുകളുടെ കണക്കുകള്‍ മാത്രമാണിതെന്നും കേസ് രജിസ്റ്റര്‍ ചെയ്യാത്ത നിരവധി സംഭവങ്ങളുണ്ടെന്നും ആംനസ്റ്റി ഇന്ത്യാ മേധാവി ആകാര്‍ പട്ടേല്‍ പറഞ്ഞു. ഇത്രയേറെ കേസുകള്‍ റിപോര്‍ട്ടു ചെയ്‌തെങ്കിലും മിക്കതിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പട്ടേല്‍ വ്യക്തമാക്കി.