ബിഹാര്‍: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തുടരുന്നു
ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയില്‍ പാമ്പുകടിയേറ്റ് മരിച്ച ഒരാളുടെ മൃതദേഹം ബന്ധുക്കള്‍ഗംഗയിലേക്ക് ഒഴുക്കി
പട്‌ന: കൊവിഡ് രണ്ടാം തരംഗത്തിനിടെ യുപിയിലേയും ബിഹാറിലേയും വൈറസ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുക്കിയത് രാജ്യമാകെ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തുടര്‍ന്ന് യുപി, ബിഹാര്‍ സര്‍ക്കാരുകള്‍ മൃതദേഹങ്ങള്‍ പുഴയിലൊഴുക്കുന്നതിനെതിരേ ശക്തമായ നടപടികള്‍ കൈകൊള്ളുകയും നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനെതുടര്‍ന്ന് മൃതദേഹങ്ങള്‍ നദിയിലൊഴുക്കുന്നത് ഏറെക്കുറെ നിലച്ചിരുന്നു. ഇതിനിടെ, ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയില്‍ പാമ്പുകടിയേറ്റ് മരിച്ച ഒരാളുടെ മൃതദേഹം ബന്ധുക്കള്‍ഗംഗയിലേക്ക് ഒഴുക്കിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഭാഗല്‍പൂരിലെ കഹല്‍ഗാവ് ബ്ലോക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പുറത്തുവിട്ടിട്ടുണ്ട്.
ബങ്ക ജില്ലയിലെ നവഡ ബസാറില്‍ പാമ്പുകടിയേറ്റ് മരിച്ച മിഥിലേഷ് കുമാറിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഗംഗയില്‍ ഒഴുക്കിയത്.
ബിഹാരില്‍ പാമ്പുകടിയേറ്റ് മരിച്ചവരുടെ മൃതദേഹം വാഴപ്പിണ്ടിയില്‍ കെട്ടി ഗംഗയില്‍ ഒഴുക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മൃതദേഹം ഭാഗല്‍പൂരിലെ ബാരാരി ഘട്ടിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ ഒഴുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 11,000 രൂപയ്ക്ക് മൃതദേഹം ഗംഗയില്‍ ഒഴുക്കാന്‍ അധികൃതര്‍ സമ്മതിച്ചെങ്കിലും പണമില്ലാത്തതിനാല്‍ മൃതദേഹം ഭാഗല്‍പൂര്‍ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കഹല്‍ഗാവിലേക്ക് കൊണ്ടുപോയി.
കഹല്‍ഗാവ് ഘട്ടിന്റെ ചുമതലയുള്ള ആളുമായി 1500 രൂപയ്ക്ക് കരാര്‍ ഉണ്ടാക്കുകയും ഒരു ബോട്ട് ഉടമയുമായി ബന്ധപ്പെട്ട് മൃതദേഹം ഗംഗയുടെ നടുക്ക് കൊണ്ടുപോയി ഒരു വാഴപ്പിണ്ടിയില്‍ കെട്ടി നദിയില്‍ നിക്ഷേപിക്കുകയായിരുന്നു.
കൊറോണ വ്യാപനം ഏറ്റവും ഉയര്‍ന്ന സമയത്ത് ജില്ലാ മജിസ്‌ട്രേറ്റ് എല്ലാ ശ്മശാന സ്ഥലങ്ങളിലും ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ വിന്യസിച്ചിരുന്നുവെങ്കിലും ജൂണ്‍ 1 മുതല്‍ ഇവ പിന്‍വലിച്ചുവെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു.ഈ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പരാതി ലഭിച്ചെങ്കിലും മരണപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് കഹല്‍ഗാവ് പോലീസ് സ്‌റ്റേഷനിലെ ഡ്യൂട്ടി ഓഫീസര്‍ ആര്‍ പി ശര്‍മ്മ പറഞ്ഞു.
കൊറോണയുടെ രണ്ടാം തരംഗസമയത്ത്, ബക്‌സര്‍, ഭോജ്പൂര്‍, പട്‌ന, ഭാഗല്‍പൂര്‍ തുടങ്ങി നിരവധി ജില്ലകളില്‍ നിരവധി മൃതദേഹങ്ങള്‍ ഗംഗയില്‍ നിക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു.