സുദാനില്‍ വെടിയേറ്റുമരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
കണ്ണൂര്‍: സുദാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ ആഭ്യന്തരകലാപത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റ്യന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.15ഓടെയാണ് വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച രാത്രി 9.15ന് കരിപ്പൂര്‍ വിമാത്താവളത്തിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് മൃതദേഹം കൊണ്ടുവന്നത്. ആല്‍ബര്‍ട്ടിന്റെ ഭാര്യാസഹോദരന്‍ അനൂപ് ടി ജോണ്‍ ഉള്‍പ്പെടെയുള്ളവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വിദേശകാര്യമന്ത്രാലയത്തെ പ്രതിനിധീകരിച്ച് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിലെ പി ടി രാജഗോപാല്‍, നോര്‍ക്ക കോഴിക്കോട് റീജ്യനല്‍ കേന്ദ്രത്തിലെ അസി. സെക്ഷന്‍ ഓഫിസര്‍ എം പ്രശാന്ത് എന്നിവരും വിമാനത്താവളത്തിലെത്തി. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം നോര്‍ക്ക ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് വീട്ടിലെത്തിച്ചത്. സുദാനിലെ ആല്‍ബര്‍ട്ടിന്റെ ജോലിസ്ഥലത്ത് ഒരു മാസത്തെ സന്ദര്‍ശനത്തിന് ടൂറിസ്റ്റ് വിസയില്‍ പോയ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും രണ്ടാഴ്ച മുമ്പാണ് 'ഓപ്പറേഷന്‍ കാവേരി' രക്ഷാദൗത്യത്തില്‍ നാട്ടിലെത്തിയത്. ഏപ്രില്‍ 15ന് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മുറിയില്‍നിന്ന് കാനഡയിലുള്ള മകനുമായി മൊബൈലില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ട് വെടിയേറ്റു മരിച്ചത്.