ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബയ് പോലിസ് റിപോര്‍ട്ട്
ഇന്ന് രാത്രി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോവും
ദുബയ്: യുഎഇയില്‍ അന്തരിച്ച വ്യവസായ പ്രമുഖന്‍ ജോയ് അറയ്ക്കലി(54)ന്റെ മരണം ആത്മഹത്യയാണെന്ന് ദുബയ് പോലിസ് സ്ഥിരീകരിച്ചു. ദുബയ് ബിസിനസ് ബേയിലെ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ബിസിനസില്‍ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു ബര്‍ ദുബയ് പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സോറൂര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 23നാണ് സംഭവം.
ഇന്ന് രാത്രി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോവും. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായിരുന്ന ജോയ് യുഎഇയിലെ നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്. ഭാര്യ സെലിന്‍ ജോയ്, മക്കളായ അരുണ്‍ ജോയ്, ആഷ്‌ലിന്‍ ജോയ് എന്നിവരും എത്തും.
ജോയി അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേരളത്തില്‍നിന്നുള്ള എംപിമാരും ദുബയിലെ സാമൂഹിക പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുവരുന്നതിന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്രം അനുമതി നല്‍കി.
കേന്ദ്ര ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനം എത്തുന്നത്. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്തിമോപചാരത്തിനു ശേഷമാണ് സോനാപ്പൂരിലെ എംബാമിങ് സെന്ററില്‍നിന്ന് മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.