ജിഫ്രി തങ്ങള്‍ക്കെതിരായ വധ ഭീഷണി;സമസ്ത-ലീഗ് വിവാദത്തിന് പുതിയ വഴിത്തിരിവ്
സമസ്ത അധ്യക്ഷന് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരും വിഷയം രാഷ്ട്രീയ വിവാദമാക്കാന്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും രംഗത്തെത്തി
പി സി അബ്ദുല്ല
കോഴിക്കോട്: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി പുറത്തായതോടെ സമസ്ത-മുസ്‌ലിം ലീഗ് ഭിന്നത പുതിയ തലത്തിലേക്ക്. സമസ്ത അധ്യക്ഷന് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരും വിഷയം രാഷ്ട്രീയ വിവാദമാക്കാന്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും രംഗത്തെത്തി.
വധ ഭീഷണി പുറത്തുവന്നതിനു പിന്നാലെ മന്ത്രി വി അബ്ദുറഹ്മാന്‍ പിന്തുണ അറിയിച്ച് ജിഫ്രി തങ്ങളെ വിളിച്ചു. ഭീഷണി സര്‍ക്കാര്‍ ഗൗരവമായാണ് എടുക്കുന്നതെന്നും മതിയായ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാവിലെ 11.45ന് മന്ത്രി വി അബ്ദുറഹ്മാന്‍ സമസ്ത ആസ്ഥാനത്തെത്തി ജിഫ്രി തങ്ങളെ കാണുമെന്ന് മാധ്യമങ്ങളെ ഉള്‍പ്പെടെ അറിയിച്ചെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസയും ജിഫ്രി തങ്ങളെ വിളിച്ച് പിന്തുണ അറിയിച്ചു. കോടിയേരിയടക്കമുള്ള സിപിഎം നേതാക്കളും ജിഫ്രി തങ്ങളെ ബന്ധപ്പെടുമെന്നാണ് സൂചന. മുത്തുകോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടം കൊയ്യാനാണ് സിപിഎം ഡിവൈഎഫ്‌ഐ നീക്കം.
ലീഗല്‍ ജമാ അത്തെ ഇസ്‌ലാമിവല്‍ക്കരണം ശക്തമാണെന്ന ആരോപണങ്ങളെ സമുദായത്തിനുള്ളില്‍ തുറന്നെതിര്‍ത്ത സുന്നി മത പണ്ഡിതരില്‍ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങളെന്ന ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയില്‍ രാഷ്ട്രീയ ലക്ഷ്യം പ്രകടമാണ്. വഖ്ഫ് ബോര്‍ഡ് വിവാദത്തില്‍ ലീഗിനൊപ്പം നില്‍ക്കാത്ത ജിഫ്രി തങ്ങളെ ഉപയോഗിച്ച് ലീഗിനെതിരേ പുതിയ പോര്‍മുഖം തുറക്കാനാണു ശ്രമം.തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതര്‍ക്കും നേരെ ആയുധമെടുക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് മുസ്‌ലിം ലീഗ് ഇതിലൂടെ നല്‍കുന്നതെന്നാണ് ഡിവൈഎഫ്‌ഐയുടെ പുതിയ ആരോപണം.
ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാവുമെന്ന് അജ്ഞാതന്‍ ജിഫ്രി തങ്ങളെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന വിവരമാണ് പുറത്തുവന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് തങ്ങള്‍ പോലിസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.
മലപ്പുറം ആനക്കയം, ചേപ്പൂര്‍ സിദ്ദീഖിയ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന പൊതു പരിപാടിയില്‍ തനിക്കെതിരേ ഒപ്പമുള്ളവരില്‍നിന്ന് വധഭീഷണിയുള്ളതായി സമസ്ത അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് ഫോണില്‍ വധ ഭീഷണി മുഴക്കിയ വിവരം പുറത്തു വന്നത്.'ഒരു പ്രസ്ഥാനവുമായി മുന്നോട്ടു പോകാന്‍ വലിയ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരും. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സിപിഎമ്മിന്റെ അനുഭവം ഉണ്ടാകാം,ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടാകാം. ഞാന്‍ അതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന ആളല്ല. ധൈര്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. അങ്ങനെയാണ് മരണമെങ്കില്‍ അങ്ങനെയാകും' എന്നായിരുന്നു ജിഫ്രി തങ്ങളുടെ പരാമര്‍ശം. സമസ്ത അധ്യക്ഷനെതിരായ വധ ഭീഷണി വിവാദം മുസ്‌ലിം ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.