മോദി ഭരണത്തില്‍ കശ്മീരില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന
10 വര്‍ഷത്തിനിടെ സായുധ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ തേടി സൂറത്തിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സഞ്ജയ് ഈഴവ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ന്യൂഡല്‍ഹി: നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ആറുവര്‍ഷത്തിനിടെ സായുധാക്രമണങ്ങളില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇരട്ടിയായതായി വിവരാവകാശ രേഖ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഭരണകാലവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ധന. 10 വര്‍ഷത്തിനിടെ സായുധ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ തേടി സൂറത്തിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സഞ്ജയ് ഈഴവ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
യുപിഎ ഭരണത്തില്‍ ഓരോ വര്‍ഷവും ഏകദേശം 37 സൈനികരാണ് ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. അതേസമയം, മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ 2020 ജൂണ്‍ വരെ വര്‍ഷം തോറും 74 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2019 ഫെബ്രുവരി 14ന് പുല്‍വാമ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗല്‍വാന്‍ താഴ്‌വരയില്‍ 20 സൈനികര്‍ക്ക് ജീവഹാനി നേരിട്ടു.
സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുന്നതാണ് തന്റെ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയെന്നും സര്‍ക്കാറാണ് സൈനികരുടെ മരണത്തിനുള്ള ഉത്തരവാദിയെന്നും സഞ്ജയ് പറഞ്ഞു. അതേസമയം, എന്നാല്‍ തനിക്ക് ലഭിച്ച കണക്കുകള്‍ പൂര്‍ണമല്ലെന്നും മോദി സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടുന്നില്ലെന്നും സഞ്ജയ് ആരോപിച്ചു.