ചൈനീസ് കൈയ്യേറ്റം, ദോക്‌ലാം പ്രതിസന്ധി ഉള്‍പ്പെടെയുള്ള റിപോര്‍ട്ടുകള്‍ നീക്കി പ്രതിരോധ മന്ത്രാലയം
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ആഗസ്തില്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഒഴിവാക്കിയത്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടുകളും കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കി. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ആഗസ്തില്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഒഴിവാക്കിയത്.2017ലെ ദോക്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ മാസം തന്നെ മുന്‍ റിപ്പോര്‍ട്ടുകളെല്ലാം വെബ്‌സൈറ്റില്‍ തിരികെയെത്തുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ചൈനീസ് കടന്നുകയറ്റം വിവാദമായതിനു പിന്നാലെ ഇതേക്കുറിച്ചു പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോര്‍ട്ട് ആഗസ്തില്‍ ഒഴിവാക്കിയിരുന്നു. ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. 'യഥാര്‍ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാല്‍വന്‍ താഴ്‌വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്' എന്നായിരുന്നു ജൂണിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവയ്ക്ക് വിരുദ്ധമായിരുന്നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.
ചൈനീസ് സേനയുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കിയത്.