ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുരാതനമായ മുസ് ലിം പള്ളി അധികൃതര്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഡല്‍ഹി മെഹ്‌റോളിയിലെ മസ്ജിദ് അഖോഞ്ചിയാണ് ചൊവ്വാഴ്ച രാവിലെ ആറോടെ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. 600 വര്‍ഷം പഴക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങളെല്ലാം പെട്ടെന്നുതന്നെ നീക്കം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പ്രഭാതനമസ്‌കാരത്തിന്റെ ബാങ്ക് വിളിക്കുന്നതിനു തൊട്ടുമുമ്പാണ് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ വന്‍ പോലിസ് സന്നാഹത്തോടെയെത്തി മസ്ജിദ് പൊളിക്കല്‍ തുടങ്ങിയത്. പള്ളിയോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന ബഹ്‌റുല്‍ ഉലൂം മദ്‌റസയും മഖ്ബറകളും പൂര്‍ണമായും തകര്‍ത്തതായി പള്ളി ഇമാം സക്കീര്‍ ഹുസയ്ന്‍ പറഞ്ഞു. പൊളിച്ചത് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനായി അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ബുള്‍ഡോസര്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടുവന്ന് ഇടിച്ചുനിരത്തിയെങ്കിലും മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു. പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഉദ്യോഗസ്ഥര്‍ തന്റെയും മറ്റുള്ളവരുടെയും ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയതായും ഇമാം ആരോപിച്ചു.
പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന 22 വിദ്യാര്‍ഥികളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയും ചെയ്തു. നേരത്തേ ഗതാഗത തടസ്സമുണ്ടാക്കുന്നു എന്നുപറഞ്ഞ് ഡല്‍ഹിയിലെ സുനേരി ബാഗ് മസ്ജിദ് പൊളിച്ചുമാറ്റാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പുരാതന മസ്ജിദ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആസ്ഥാനത്തേക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയായ ഉദ്യോഗ്ഭവനിലേക്കുമുള്ള വഴിക്ക് തടസ്സമാണെന്നാണ് എന്‍ഡിഎംസിയുടെ അവകാശവാദം. ഇതുപറഞ്ഞാണ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍ഡിഎംസി പള്ളി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആദ്യമായ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സ്വാതന്ത്ര്യ സമര സേനാനി ഹസ്രത്ത് മൊഹാനിയുടെ വസതിയായി പ്രവര്‍ത്തിച്ച കെട്ടിടമാണ് സുനേരി മസ്ജിദ് എന്ന ചരിത്രപ്രാധാന്യം പോലും നോക്കാതെയാണ് നടപടി. ഇതിനെതിരേ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഡല്‍ഹി മെഹ്‌റോളിയിലെ അഖോഞ്ചി മസ്ജിദ് പൊളിച്ചുമാറ്റിയത്.