ഡല്‍ഹിയില്‍ പോലിസുകാരനെ ആള്‍ക്കൂട്ടം സ്‌റ്റേഷനില്‍ കയറി വളഞ്ഞിട്ട് തല്ലി (വീഡിയോ)

Update: 2022-08-06 15:35 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പോലിസ് സ്‌റ്റേഷനില്‍ ഒരുസംഘമാളുകള്‍ ചേര്‍ന്ന് പോലിസുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ പോലിസ് സ്‌റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സഹപ്രവര്‍ത്തകനായ പോലിസുകാരന്‍ തന്നെ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 12 ഓളം വരുന്ന സംഘം പോലിസുകാരനെ സ്‌റ്റേഷനുള്ളില്‍വച്ച് മര്‍ദ്ദിക്കുന്നതായി വീഡിയോയിലുള്ളത്. അക്രമികള്‍ പോലിസുകാരനെ കോളറില്‍ പിടിച്ചുവലിക്കുകയും ഉന്തുകയും മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്.

അവശനായ പോലിസുകാരനെ കസേരയില്‍ പിടിച്ചിരുത്തിയും മര്‍ദ്ദനം തുടര്‍ന്നു. അക്രമികള്‍ പോലിസുകാരനോട് മാപ്പുപറയാന്‍ നിര്‍ബന്ധിക്കുന്നുണ്ട. കോണ്‍സ്റ്റബിള്‍ കൈകൂപ്പി മാപ്പ് പറഞ്ഞശേഷവും ജനക്കൂട്ടം മര്‍ദ്ദനം തുടരുകയാണ്. അവിടെ കൂടിനിന്ന പോലിസുകാരാവട്ടെ അക്രമികളെ തടയാന്‍ കൂട്ടാക്കാതെ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയാണ് ചെയ്തത്. ആനന്ദ് വിഹാര്‍ പോലിസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് മര്‍ദ്ദനമേറ്റതെന്ന് മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നു. ആഗസ്ത് മൂന്നിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

എന്തിനാണ് പോലിസുകാരനെ മര്‍ദ്ദിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടത്തി പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലിസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളില്‍ വന്നതോടെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിഎസ്പി ഉറപ്പുനല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News