ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചു, പോലിസ് സഹായിച്ചു: ഗുരുതര ആരോപണവുമായി എഎപി
'ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് ആശങ്കാജനകമാണ്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടാഗുചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: 'ബിജെപി ഗുണ്ടകള്‍' ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ആക്രമിച്ചതായി ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി). 'ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് ആശങ്കാജനകമാണ്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടാഗുചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിനു പിന്നാലെ കെജ്‌രിവാളിനെ പോലിസ് തടങ്കലിലാക്കിയെന്ന് എഎപി ആരോപിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സുരക്ഷാ വീഴ്ച കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും രാജ്‌നാഥ് സിങിനോടും കേന്ദ്രസര്‍ക്കാരിനോടും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണ ദൃശ്യങ്ങള്‍ സിസോദിയയും ആം ആദ്മി നേതാവ് അതിഷിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു കൂട്ടം ആളുകള്‍ സിസോഡിയയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതും പോലീസുകാരെ മറികടന്ന് മുന്നോട്ട് പോവുന്നതും വീഡിയോകളില്‍ കാണാം. അക്രമി സംഘത്തിലെ ഒരാള്‍ തോക്ക് കൈവശംവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.