ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍

ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

Update: 2020-02-11 05:10 GMT

ന്യൂഡൽഹി : ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്നും 48ലധികം സീറ്റുകൾ നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ട്വീറ്റ് ചെയ്തു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയിലും ഇതേ ആത്മവിശ്വാസത്തിലാണ് മനോജ് തിവാരി. 70 അംഗ നിയമസഭയില്‍ 55 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നാണ് മനോജ് തിവാരി ഇന്ന് രാവിലെയും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

"ഞങ്ങള്‍ 48 സീറ്റുകളില്‍ വിജയിക്കും. അത് 55 ആയാലും ഞാന്‍ അത്ഭുതപ്പെടില്ല" എന്ന അമിത ആത്മവിശ്വാസത്തിലാണ് മനോജ് തിവാരി. എഎപിക്കനുകൂലമായ സകല എക്‌സിറ്റ് പോള്‍ ഫലങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മനോജ് തിവാരി ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുത്. എന്നായിരുന്നു കഴിഞ്ഞ ദിവസം മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നത്.

ഒടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് 49 സീറ്റുകളില്‍ എഎപി മുന്നേറുമ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലിസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.


Full View

Tags:    

Similar News