തിരഞ്ഞെടുപ്പ് റാലിയില്‍ സൈനിക വേഷത്തില്‍ ബിജെപി നേതാവ്; വിമര്‍ശനവുമായി പ്രതിപക്ഷം
പുല്‍വാമ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങളും ബിജെപി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായിവിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ബിജെപി നേതാവിന്റെ വിവാദ നടപടി.
ന്യൂല്‍ഹി: സൈനിക വേഷത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി നേതാവ് മനോജ് തിവാരിയുടെ നടപടി വിവാദമായി. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് ഡല്‍ഹി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി സൈനിക വേഷത്തിലെത്തിയത്.
പുല്‍വാമ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങളും ബിജെപി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായിവിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ബിജെപി നേതാവിന്റെ വിവാദ നടപടി. റാലിയില്‍ പങ്കെടുക്കുന്നവരെ സൈനിക വേഷത്തില്‍ അഭിസംബോധന ചെയ്യുന്നതിന്റെയും ബുള്ളറ്റില്‍ റാലിയില്‍ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങള്‍ മനോജ് തിവാരി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ബിജെപി നേതാവിന്റെ നടപടിക്കെതിരേ പ്രതിപക്ഷം കനത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ജീവന്‍ പണയം വെച്ച് സൈന്യം അതിര്‍ത്തിയില്‍ നടത്തിയ പോരാട്ടങ്ങളെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രെയിന്‍ ട്വീറ്റ് ചെയ്തു.
ജവാന്മാരെ ഉപയോഗിച്ച് രാഷ്ട്രീയ കളിക്കുന്ന ബിജെപി രാജ്യസ്‌നേഹത്തെ പറ്റി തറ പ്രസംഗം നടത്തുകയാണെന്നും തൃണമൂല്‍ എംപി വിമര്‍ശിച്ചു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ മനോജ് തിവാരി അലഹബാദിലെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തത് നേരത്തേ വന്‍ വിവാദമായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ പ്രതികരമണമെത്തിയതോടെ വിശദികരണവുമായി തിവാരി രംഗത്ത് എത്തി. സൈന്യത്തെയോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സൈനിക വേഷമണിഞ്ഞതെന്നുമാണ് തിവാരിയുടെ ഭാഷ്യം. ഇങ്ങനെയാണെങ്കില്‍ നാളെ ഞാന്‍ നെഹ്‌റു ജാക്കറ്റ് ഇട്ടാല്‍ അത് നെഹ്‌റുവിനെ അപമാനിക്കുന്നതാണെന്ന് നിങ്ങള്‍ പറയുമല്ലോയെന്നും തിവാരി ട്വീറ്റ് ചെയ്തു.