പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍; നിയമം ലംഘിച്ചാല്‍ 500 രൂപ പിഴ
ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. എങ്കിലും സ്വകാര്യ ഫോര്‍ വീലര്‍ വാഹനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പിഴ ബാധകമല്ല- എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമാണുണ്ടായത്. കൂടാതെ ഡല്‍ഹിയില്‍ ഒമിക്രോണിന്റെ തീവ്ര വ്യാപനശേഷിയുള്ള ഉപ വകഭേദം റിപോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ സംസ്ഥാനങ്ങളോട് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.