കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഡല്‍ഹിയില്‍ ഒറ്റദിവസം 1.15 കോടി പിഴ ഈടാക്കി
ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒറ്റ ദിവസം ഡല്‍ഹിയില്‍ പിഴയായി ചുമത്തിയത് 1.15 കോടി രൂപ. ഞായറാഴ്ചയാണ് ഇത്രയധികം തുക പിഴയിനത്തില്‍ പിരിച്ചെടുത്തത്. പൊതുജനങ്ങള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 45 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പുതുവല്‍സര ദിനമായ ജനുവരി ഒന്നിന് 66 കേസുകളാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്തത്.
99 ലക്ഷം രൂപ പിഴയായി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. എല്ലാ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ട്. സിനിമാ തിയറ്ററുകള്‍ ഒറ്റ, ഇരട്ട അടിസ്ഥാനത്തില്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ഞായറാഴ്ച 3,194 കൊവിഡ് പോസിറ്റീവ് കേസുകളും ഒരു മരണവും റിപോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 17 ശതമാനം വര്‍ധനവാണ്. പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. 4.59 ശതമാനമാണ് ഇപ്പോഴത്തെ പോസിറ്റിവിറ്റി നിരക്ക്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചത് മുതലാണ് കൊവിഡ് കേസുകളില്‍ കുതിച്ചുചാട്ടമുണ്ടായത്.