'ജൂലൈ 31 വരെ സഫറുല്‍ ഇസ്‌ലാം ഖാനെതിരെ കടുത്ത നടപടി പാടില്ല': പോലിസിനോട് ഡല്‍ഹി ഹൈക്കോടതി

വീഡിയോ കോണ്‍ഫറന്‍സിങിലൂടെ വാദം കേട്ട ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്രി, ഖാന് അനുവദിച്ച ഇടക്കാല സംരക്ഷണം നീട്ടി നല്‍കുകയും ചെയ്തു.

Update: 2020-06-22 12:21 GMT

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജൂലൈ 31 വരെ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ (ഡിഎംസി) ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെതിരെ കടുത്ത നടപടി സ്വീകരിക്കരുതെന്ന് പോലിസിനോട് ഡല്‍ഹി ഹൈക്കോടതി. ഖാന് അനുവദിച്ച ഇടക്കാല സംരക്ഷണം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ വാദം കേട്ട ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്രി നീട്ടി നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അപേക്ഷകന് നല്‍കാനും കോടതി ഉത്തരവിട്ടു.

ജൂലൈ 31 നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത്. പ്രായാധിക്യം, ആരോഗ്യ പ്രശ്‌നങ്ങള്‍, കൊറോണ വൈറസ് മൂലമുള്ള അപകടസാധ്യത തുടങ്ങിയവ ചൂണ്ടിക്കാട്ടി തനിക്കെതിരായ രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകന്‍ വൃന്ദ ഗ്രോവര്‍ മുഖേന ഖാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഖാനെതിരേ കടുത്ത നടപടി പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയത്. ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയാണെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് നേരത്തേ കൊടതി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 28ന് തന്റെ ട്വിറ്റര്‍ പേജിലൂടെ രാജ്യദ്രോഹപരവും വിദ്വേഷകരവുമായ പരാമര്‍ശം നടത്തിയെന്നാണ് പോലിസ് കേസ്.  

Tags:    

Similar News