പിഎം കെയര്‍ ഫണ്ടിന്റെ നിയമസാധുത; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

Update: 2022-09-17 05:57 GMT

ന്യൂഡല്‍ഹി: പിഎം കെയര്‍ ഫണ്ടുമായി ബന്ധപ്പെട്ട ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി അടുത്ത വര്‍ഷം ജനുവരി 31ന് പരിഗണിക്കാനായി മാറ്റി. ഫണ്ടിന്റെ നിയമസാധുതയും വിവരാവകാശ നിയമ പരിധിയും സംബന്ധിച്ച ഹരജികളാണ് പരിഗണിക്കാന്‍ മാറ്റിയത്. ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. വിഷയത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ നിവേദനം പരിഗണിച്ചാണ് ജസ്റ്റിസ് സതീഷ് ചന്ദര്‍ ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഒരു പേജ് മാത്രമുള്ള വിശദീകരണം കോടതിയില്‍ സമര്‍പ്പിച്ചത് കോടതി അംഗീകരിച്ചിരുന്നില്ല. ഗൗരവമുള്ള വിഷയമായതില്‍ വിശദമായ മറുപടി വേണമെന്നു കോടതി പറഞ്ഞു. പിഎം കെയര്‍ ഫണ്ട് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതിന്റെ നിയമസാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. പിഎം കെയര്‍ ഫണ്ട് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമടക്കുള്ള മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റായാണ് പ്രവര്‍ത്തിക്കുന്നതെന്നു കേന്ദ്രം കോടതിയില്‍ അറിയിച്ചു.

ഇത് ഭരണഘടനയ്ക്ക് കീഴില്‍ വരുന്നതല്ലെന്നും ഇന്ത്യയിലെ ഒരു നിയമങ്ങളും ഇതിനു ബാധകമല്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അതിനാല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റുവഴി പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍, വിവരാവകാശത്തിന്റെ പരിധിയിലും ഉള്‍പ്പെടുത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു. എന്നാല്‍, സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്നു കോടതി വ്യക്തമാക്കി.

പിഎം കെയേഴ്‌സ് ഫണ്ടിന്റെ പേരിലും വെബ്‌സൈറ്റിലും അതിന്റെ ചുരുക്കെഴുത്തുകള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിക്കുന്നതില്‍ നിന്ന് തടയാനുള്ള നിര്‍ദ്ദേശവും ഹരജിക്കാരന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട ബെഞ്ച്, വിഷയത്തിലെ എല്ലാ പോയിന്റുകളും കോടതി പരിശോധിക്കുമെന്നും പറഞ്ഞു. ഈ വിഷയം സുപ്രിംകോടതി വരെ പോവുമെന്നതില്‍ സംശയമില്ല, ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത് തങ്ങള്‍ക്ക് വിശദമായ വിധി നല്‍കേണ്ടതുണ്ട്- ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

പിഎം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ നിരസിച്ച പ്രധാനമന്ത്രിയുടെ ഓഫിസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ തീരുമാനത്തെ മറ്റൊരു ഹരജിയില്‍ ഗാങ്‌വാള്‍ ചോദ്യം ചെയ്തു. അഭിഭാഷകരായ ദേബോപ്രിയോ മൗലിക്, ആയുഷ് ശ്രീവാസ്തവ എന്നിവര്‍ മുഖേനയാണ് ഗാങ്‌വാള്‍ ഹരജി സമര്‍പ്പിച്ചത്.

Tags:    

Similar News